മോദിയുടെ ജീവചരിത്രം പറയുന്ന സിനിമ ‘പിഎം നരേന്ദ്ര മോദി’യുടെ റിലീസില്‍ ഇടപെട്ട് കോടതിയുടെ വിലയേറിയ സമയം കളയില്ല: സുപ്രീംകോടതി

single-img
9 April 2019

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം പറയുന്ന സിനിമയായ ‘പി എം നരേന്ദ്ര മോദി’യുടെ റിലീസില്‍ ഇടപൈട്ട് കോടതിയുടെ വിലയേറിയ സമയം കളയില്ലെന്ന് സുപ്രീംകോടതി. സിനിമയുമായ പരാതികളില്‍ സെന്‍സര്‍ ബോര്‍ഡും തെരഞ്ഞെടുപ്പ് കമീഷനുമാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

കോടതിയുടെ വിലപിടിച്ച വളരെയേറെ സമയം ആണ് ഇത്തരത്തിലുള്ള വിഷയം കളയുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. തീരുമാനം കൈക്കൊള്ളാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കാനും അദ്ദേഹം വിസമ്മതിച്ചു. ഫിലിം സെന്‍സര്‍ ബോര്‍ഡ് ഉള്ളടക്കം പരിശോധിക്കുകയും പ്രൊപ്പഗണ്ടയുണ്ടോയെന്ന് തെരഞ്ഞടുപ്പ് കമീഷന്‍ പരിശോധിക്കുകയും ചെയ്തതിന് ശേഷമാണ് ഈ സിനിമ റിലീസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ സിനിമയുടെ പ്രദര്‍ശനം മാറ്റാന്‍ ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇതുവരെ ആരും കാണാത്ത ഈ സിനിമയില്‍ എങ്ങനെ നടപടി സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. പരാതിക്കാരന്‍ വീണ്ടും രേഖകള്‍ സഹിതം വരികയാണെങ്കില്‍ ഉത്തരവിടാന്‍ കഴിയുമെന്ന് ബെഞ്ച് വ്യക്തമാക്കി.

ഈ സിനിമയില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹരജിക്കാരന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ് വിയോട് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ അതിനായി സിനിമയുടെ പകര്‍പ്പ് നല്‍കണമെന്ന സിങ് വിയുടെ അഭ്യര്‍ഥന കോടതി തള്ളി. സിനിമയുടെ പുറത്തുവന്ന ട്രെയിലറിലെ കാഴ്ചകളാണ് തന്റെ വാദങ്ങളുടെ അടിത്തറയെന്ന് സിങ് വി വ്യക്തമാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിക്കുന്ന ആദ്യ ദിനമായ എപ്രില്‍11നാണ് ചിത്രത്തിന്റെ റിലീസ്.