ചെന്നൈ സേലം എട്ടുവരിപ്പാത: സ്ഥലം ഏറ്റെടുക്കുന്നത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി; കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചു നല്‍കണമെന്നും ഉത്തരവ്

single-img
8 April 2019

സേലം ചെന്നൈ എട്ടുവരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദാക്കി. മദ്രാസ് ഹൈക്കോടതിയുടേതാണ് നടപടി. കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചു നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഡിഎംകെ, പൂവുലകിന്‍ നന്‍പര്‍കള്‍ സംഘം ഉള്‍പ്പെടെ പത്തോളം സംഘടനകളുടെ ഹര്‍ജിയിലാണ് വിധി.

2,560 ഹെക്ടര്‍ ഭൂമിയാണ് പുതിയ പാതക്കായി ഏറ്റെടുക്കുന്നത്. ഇതില്‍ ഭൂരിഭാഗവും വനഭൂമിയും കൃഷിഭൂമിയുമായിരുന്നു. പതിറ്റാണ്ടുകളായി കൃഷി ചെയ്തുവരുന്ന ഭൂമി വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു കര്‍ഷകര്‍. വനഭൂമി ഏറ്റെടുക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിപ്രകാരം 277 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എട്ടുവരിപ്പാതയാണ് നിര്‍മിക്കുന്നത്. 10,000 കോടി രൂപയാണ് പദ്ധതിച്ചെലവ്. 2,791 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിനെതിരേ കര്‍ഷകരടക്കമുള്ളവര്‍ രംഗത്ത് വരികയായിരുന്നു. പദ്ധതി യാഥാര്‍ഥ്യമായാല്‍ ചെന്നൈയ്ക്കും സേലത്തിനും ഇടയിലുള്ള ദൂരം 60 കിലോമീറ്റര്‍ കുറയുമെന്നായിരുന്നു സര്‍ക്കാര്‍ വാദം.