ദൈവത്തിന്റെ പേരില്‍ വോട്ടു പിടിക്കാന്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് എന്താണിത്ര നിര്‍ബന്ധം? ടീക്കാ റാം മീണ

single-img
7 April 2019

ദൈവത്തിന്റെ പേരില്‍ വോട്ടു പിടിക്കാന്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് എന്താണിത്ര നിര്‍ബന്ധമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ ടീക്കാറാം മീണ. അയ്യപ്പന്റെ പേരുപറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച കളക്ടറുടെ നടപടി ശരിയെന്നും നോട്ടീസ് കൊടുക്കാനുള്ള അധികാരം കളക്ടര്‍ക്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“ശബരിമല വിഷയം നിങ്ങള്‍ക്ക് ഉന്നയിക്കാം. പക്ഷെ ദൈവത്തിന്റെ പേര് ഉപയോഗിക്കരുത്. ദൈവത്തിന്റെ പേര് മാത്രം പ്രസംഗത്തില്‍ ഉപയോഗിച്ചാല്‍ അത് പെരുമാറ്റ ചട്ട ലംഘനമാണ്. ദൈവത്തിന്റെ പേരില്‍ വോട്ടു പിടിക്കാന്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് എന്താണിത്ര നിര്‍ബന്ധം?”


ടീക്കാ റാം മീണ .

മാതൃകാ പെരുമാറ്റ ചട്ടം ഉണ്ടാക്കിയത് രാഷ്ട്രീയ പാര്‍ട്ടികളാണ് അല്ലാതെ ഇലക്ഷന്‍ കമ്മീഷനല്ല. അതിനാൽ അത് പാലിക്കാനും അവര്‍ ബാധ്യസ്ഥരാണെന്നും ടീക്കാ റാം മീണ പറഞ്ഞു.

കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന എൻഡിഎയുടെ കൺവെൻഷനിലായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിവാദപ്രസംഗം നടത്തിയത്. അയ്യപ്പൻ ഒരു വികാരമാണെങ്കിൽ അത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും അത് അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. ശബരിമലയുടെ പശ്ചാത്തലത്തിലാണ് താൻ വോട്ട് ചോദിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതേത്തുടര്‍ന്ന് സുരേഷ് ഗോപിയ്ക്ക് റിട്ടേണിങ് ഓഫീസര്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു. നോട്ടീസിന് 48 മണിക്കൂറിനകം സുരേഷ് ഗോപി മറുപടി നല്‍കണം.

അയ്യനെന്നാല്‍ സഹോദരനെന്നാണ് അര്‍ഥം എന്ന സുരേഷ് ഗോപിയുടെ വാദം ചൂണ്ടിക്കാണിച്ചപ്പോൾ  അതവരുടെ വ്യാഖ്യാനങ്ങളാണെന്നും കളക്ടര്‍ യുക്തമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

“മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടാണ് കളക്ടര്‍ നടപടി സ്വീകരിച്ചത്. ഇനി സുരേഷ് ഗോപി മറുപടി തന്നാല്‍ മതി. മറുപടിയുടെ അടിസ്ഥാനത്തില്‍ മാത്രമേ കളക്ടര്‍ക്ക് നടപടി സ്വീകരിക്കാന്‍ സാധിക്കൂ. യുക്തമായ തീരുമാനം റിട്ടേണിങ്ങ് ഓഫീസര്‍ എന്ന നിലയ്ക്ക് എടുക്കാന്‍ സാധിക്കുന്നയാളാണ് കളക്ടര്‍. എന്താണ് സംഭവിച്ചത്. എത്രത്തോളം കാര്യങ്ങള്‍ സത്യമാണ് എന്ന് ഈ ഘട്ടത്തില്‍ എനിക്ക് പറയാനാകില്ല. റിട്ടേണിങ് ഓഫീസർക്കാണ് ഇതിനുള്ള അധികാരം. ഈ വിഷയത്തില്‍ ഞാന്‍ ഇടപെടേണ്ട കാര്യമില്ല. എല്ലാ വശങ്ങളും പരിശോധിച്ച് കളക്ടര്‍ തന്നെ ഈ വിഷയത്തില്‍ യുക്തമായ തീരുമാനമെടുക്കും”. അദ്ദേഹം പറഞ്ഞു.

ഇഷ്ട ദൈവത്തിന്റെ പേര് പോലും പറയാൻ പറ്റാത്തത് ഭക്തന്റെ ഗതികേടാണെന്ന് സുരേഷ് ഗോപി പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോൾ മതത്തിന്റെ പേരിലും ജാതിയുടെ പേരിലും ദൈവത്തിന്റെ പേരിലും വോട്ടു പിടിക്കാന്‍ പാടില്ലെന്നും നിങ്ങള്‍ വിഷയങ്ങള്‍ ഉന്നയിക്കൂ, ദൈവത്തിനെ വലിച്ചിടേണ്ടെന്നും ടീക്കാ റാം മീണ പറഞ്ഞു.

“വിഷയവും ദൈവവും വ്യത്യസ്തമാണ്. യുവതീ പ്രവേശനം എന്ന വിഷയം ഉന്നയിക്കാതെ ദൈവത്തെ വലിച്ചിഴക്കുന്നതാണ് പ്രശ്‌നം. സാമുദായിക സൗഹാര്‍ദ്ദത്തിന് ഭംഗം വരുത്തുന്ന പ്രസംഗം നടത്താന്‍ പാടില്ല. ദൈവം എല്ലാവരുടേതുമാണ്. അത് ചിലരുടെ മാത്രം കുത്തകാവകാശമല്ല. ദൈവം വ്യക്തിപരമായ കാര്യമാണ്. വോട്ട് കിട്ടാന്‍ വേണ്ടിയും സങ്കുചിത ചിന്തയ്ക്കുമായും അത് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ടതല്ല”, ടീക്കാറാം മീണ കുട്ടിച്ചേര്‍ത്തു.