കേരളത്തിൽ ഉറപ്പില്ലാത്തതു കൊണ്ടാണ് തന്റെ തട്ടകം അമേഠിയാണെന്നു രാഹുൽ പറഞ്ഞത്: പിണറായി വിജയൻ

single-img
5 April 2019

കേരളത്തിൽ ഏതു ഫലമാണ് കാത്തിരിക്കുന്നതെന്ന് ഉറപ്പില്ലാത്തതു കൊണ്ടാണ് തന്റെ തട്ടകം അമേഠിയാണെന്നു രാഹുൽ പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റവും ദയനീയ പ്രദർശനമാണ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വമെന്നും പിണറായി ആരോപിച്ചു.

സിപിഎമ്മിനെക്കുറിച്ച് ഒന്നും മിണ്ടില്ലെന്ന ഔദാര്യമാണ് അദ്ദേഹം നൽകുന്നത്. എന്താണ് സിപിഎമ്മിനെക്കുറിച്ചു പറയാനുള്ളത്? കോൺഗ്രസുമായി താരതമ്യം ചെയ്യാൻ കഴിയുമോ? അങ്ങേയറ്റം തെറ്റായ സന്ദേശമാണ് വയനാട്ടിൽ മൽസരിക്കുന്നതിലൂടെ രാഹുൽ നൽകുന്നത്.

”ഒന്നും പറയാനില്ലെന്നാണ് രാഹുൽ പറയുന്നത്. പിന്നെന്താണ് പറയാനുള്ളത്? ഒരു മണ്ഡലത്തിലല്ല, ഇരുപത് മണ്ഡലങ്ങളിലാണ് ഞങ്ങൾ കോൺഗ്രസിനെ എതിരിടുന്നത്. അതിൽ വയനാടും ഉണ്ട്. ഒരു വ്യത്യാസവുമില്ല”, പിണറായി പറഞ്ഞു.

ഇടതുപക്ഷം തോൽപ്പിക്കപ്പെടേണ്ട മുന്നണിയാണെന്നാണ് രാഹുൽ പറയുന്നത്. ബിജെപി മൽസരിക്കാത്ത മണ്ഡലത്തിൽ മൽസരിച്ചിട്ടു ബിജെപിക്കെതിരായി പറയുന്നതിന്റെ അർഥമെന്താണ്? ജയിക്കാൻ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥികൾ മൽസരിക്കുന്നതെന്നും എതിരാളി ആരായാലും ആകാവുന്ന നിലയിലൊക്കെ പരാജയപ്പെടുത്തുമെന്നും പിണറായി പറഞ്ഞു.

ബിജെപിയുടെ മുതിർന്ന നേതാക്കൾ പലരും ഇന്നലെ കോൺഗ്രസിന്റെ നേതാക്കളായിരുന്നു. വിശ്വാസ വഞ്ചന കാട്ടുന്നവരെ ജയിപ്പിക്കരുത്. കേരളത്തിനു വിശ്വസിക്കാൻ കൊള്ളാവുന്നത് ഇടതുപക്ഷത്തെ മാത്രമാണ്. ഇടതുപക്ഷത്തെ പ്രലോഭിപ്പിക്കാൻ കഴിയില്ലെന്നും പിണറായി പറഞ്ഞു.