അശ്ലീലം, ആത്മഹത്യ, സ്വകാര്യതയുടെ ലംഘനം : ടിക് ടോക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

single-img
4 April 2019

ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ടിക് ടോക് ആപ്ലിക്കേഷൻ ഉപയോഗിച്ചു നിർമ്മിച്ച വിഡിയോകൾ മാധ്യമങ്ങൾ സംപ്രേഷണം ചെയ്യരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. കോടതിയുടെ മധുര ബെഞ്ചാണ് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരോധിക്കാനുള്ള ഇടക്കാല നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ജസ്റ്റിസുമാരായ കൃപാകരൻ, എസ്.എസ്. സുന്ദർ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ടിക് ടോക് അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നു, ഇന്ത്യന്‍ സംസ്‌കാരം നശിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മധുര സ്വദേശിയായ അഡ്വ. മുത്തുകുമാർ നൽകിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് നിര്‍ദ്ദേശം. കുട്ടികൾക്കെതിരെയുളള ലൈംഗിക ചൂഷണവും സൈബർ കുറ്റകൃത്യങ്ങളും ദിനംപ്രതി കൂടി വരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹാസ്യപരിപാടികൾക്കായി ചിത്രീകരിക്കുന്ന കുസൃതിത്തരങ്ങളായ പ്രാങ്ക് വിഡിയോകൾ സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.

ഗൗരവപരമായ വിഷയത്തിൽ സർക്കാർ എന്തു നടപടിയാണ് എടുത്തതെന്ന് ആരാഞ്ഞ കോടതി ബ്ലൂവെയിൽ ആപ്പ് നിരോധിച്ചതു പോലെ ടിക് ടോക് നിരോധിക്കുന്ന കാര്യവും ഗൗരവമായി പരിഗണിക്കണമെന്നു സർക്കാരിനോടു ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങളിലും കോടതി ഇടപെട്ടു നിരോധനം ഏർപ്പെടുത്തുമെന്നു വിചാരിക്കരുത്. സർക്കാർ ഈ വിഷയത്തിൽ ഇടപെടണം. ഈ വിഷയത്തിൽ റിപ്പോർട്ടു സമർപ്പിക്കാനും കേന്ദ്രത്തോടു കോടതി ആവശ്യപ്പെട്ടു.

നേരത്തെ തമിഴ്നാട് നിയമസഭ ടിക്ടോക് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ഇന്ത്യോനേഷ്യയിലും ബംഗ്ലാദേശിലും ഇതിനോടകം ടിക് ടോക് നിരോധിച്ചു കഴിഞ്ഞു. അമേരിക്കയിലും കുട്ടികള്‍ സൈബര്‍ ഇരകളാകുന്നത് തടയാന്‍ കുട്ടികളുടെ ഓണ്‍ലൈന്‍ സ്വകാര്യത നിയമം പാസ്സാക്കിയിട്ടുണ്ട്. ഇന്ത്യയിലും അത്തരത്തിലൊരു നടപടി ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ഉപയോക്താക്കൾക്ക് ചെറിയ വീഡിയോകൾ നിർമ്മിച്ച് ഷെയർ ചെയ്യാൻ സാധിക്കുന്ന ടിക് ടോക് ഒരു ചൈനീസ് നിർമ്മിത ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ആണ്. ഇന്ത്യയിൽ മാത്രം ഏതാണ്ട് 20 കോടിയോളം ആളുകളാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്.