തൃശൂരിൽ യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയത് വീട്ടിൽ കയറി ബന്ധുക്കൾ നോക്കിനിൽക്കേ

single-img
4 April 2019

ബിടെക് വിദ്യാര്‍ത്ഥി ചിയാരം സ്വദേശിനി നീതു( 22)വിനെ പ്രണയാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയത് ബന്ധുക്കളുടെ മുന്നിൽ വച്ച്. സംഭവത്തിൽ പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കയറിവന്ന യുവാവുമായി ബിടെക് വിദ്യാര്‍ത്ഥി അല്‍പ്പനേരം സംസാരിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായതായും വീട്ടുകാര്‍ പറയുന്നു. പിന്നീട് പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു.

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ക്രൂരമായ കൊലപാതകം നടന്നത്.