മോദി ‘എക്സ്പയറി ബാബു’: ‘സ്പീഡ് ബ്രേക്കർ ദീദി’യ്ക്ക് മമതയുടെ മറുപടി

single-img
4 April 2019

തന്നെ ‘സ്പീഡ് ബ്രേക്കർ ദീദി’ എന്ന് വിളിച്ച് പരിഹസിച്ച മോദിയോട് അതേ ഭാഷയിൽ തിരിച്ചടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘എക്സ്പയറി ബാബു’വെന്ന് വിളിച്ചാണ് മമത പരിഹസിച്ചത്.

കാലാവധികഴിഞ്ഞ ഒരു സർക്കാരിന്റെ നേതാവിനെ പ്രധാനമന്ത്രിയെന്ന്‌ വിളിക്കുന്നത് ശരിയല്ല. മോദി ഇപ്പോൾ വെറും ‘എക്സ്പയറി ബാബു’. സൈനികരുടെ പേരുപയോഗിച്ച് തരംതാണ രാഷ്ട്രീയക്കളി നടത്തുകയാണ് മോദിയെന്നും മമത ആരോപിച്ചു. കൂച്ച് ബെഹാറിലെ ഒരു തെരെഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.

ബുധനാഴ്ച സിലിഗുരിയിലെ ഒരു തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മമതയെ ‘സ്പീഡ് ബ്രേക്കർ ദീദി’യെന്ന് വിളിച്ച് പരിഹസിച്ചത്. മറ്റെല്ലാ സ്ഥലത്തും നല്ല വേഗത്തിൽ വികസനം കൊണ്ടുവരാൻ ബി.ജെ.പി.ക്കും എൻ.ഡി.എ. സർക്കാരിനും സാധിച്ചു. പക്ഷേ, ബംഗാളിൽമാത്രം അത് സാധിച്ചില്ലെന്ന് എനിക്ക് ബോധ്യമുണ്ട്. കാരണം, ഇവിടെ വികസനത്തിന്റെ വേഗം കുറയ്ക്കുന്ന ഒരു സ്പീഡ് ബ്രേക്കറുണ്ട്. അതിന്റെ പേര് ദീദിയെന്നാണെന്നായിരുന്നു മോദിയുടെ പരാമർശം.

ലാഹോറിലും റാവൽപിണ്ടിയിലും ഇസ്‌ലാമാബാദിലും ഉണ്ടായതിലും വലിയ വേദന കൊൽക്കത്തയിലിരിക്കുന്ന ദീദിക്കായിരുന്നുവെന്നും മോദി ആരോപിച്ചിരുന്നു. തെളിവെവിടെ, മോദി എന്തിനിതുചെയ്തു, ചെയ്യരുതായിരുന്നു എന്നൊക്കെയാണ് അവർ പറഞ്ഞതെന്നും മോദി പറഞ്ഞു.

എന്നാൽ സൈനികരുടെ പേരുപറഞ്ഞ് പ്രചാരണം നടത്തരുതെന്ന തിരഞ്ഞെടുപ്പുകമ്മിഷന്റെ നിർദ്ദേശം പ്രധാനമന്ത്രിക്കുമാത്രം ബാധകമല്ലേയെന്ന് ചോദിച്ചുകൊണ്ടായിരുന്നു മമത തിരിച്ചടിച്ചത്.

നമ്മുടെ സൈന്യം ഇപ്പോൾ മോദിസേനയാണെന്ന് ബി.ജെ.പി. നേതാക്കളും പറയുന്നു. രാജ്യരക്ഷചെയ്യുന്ന സൈന്യവും ലഹളക്കാരനായ മോദിയും തമ്മിൽ എന്ത്‌ താരതമ്യം? മോദിസേനയെന്നുപറഞ്ഞാൽ കൊള്ളക്കാരും ലഹളക്കാരുമായ ആൾക്കാരാണ്. ഇത്തരം കൊള്ളക്കാർക്ക് ഇത്തവണ ഇവർ മത്സരിക്കാൻ ടിക്കറ്റ് നൽകിയിട്ടുണ്ട്. ഇതിന്റെ മുഴുവൻ വിവരങ്ങളും എന്റെ കൈയിലുണ്ട്. ഞാൻ മോദിയെപ്പോലെ കള്ളംപറയുകയല്ല.
ബംഗാൾ പിടിക്കുമെന്നാണ് ഇവർ പറയുന്നത്. തിരഞ്ഞെടുപ്പ് ന്യൂഡൽഹിയിലേക്കാണ്. ആദ്യം ഡൽഹി സംരക്ഷിക്കാൻ നോക്കൂ, പിന്നല്ലേ ബംഗാൾ. പാവങ്ങൾക്കുവേണ്ടി എന്റെ സർക്കാർ എന്തുചെയ്തെന്ന് നിങ്ങൾ ചോദിക്കുന്നു. നിങ്ങൾ എന്താണ് ചെയ്തത്? ഞാൻ ഒരു ചർച്ചയ്ക്ക് തയ്യാറാണ്. നിങ്ങൾ തയ്യാറുണ്ടെങ്കിൽ വരൂ. നിങ്ങൾ എന്തുപ്രചാരണവും നടത്തൂ. എന്നെ തൊടാൻ നിങ്ങൾക്കാവില്ല, പറ്റുമെങ്കിൽ നോക്കൂ.

മമത പറഞ്ഞു.

എയർ സ്‌ട്രൈക്ക്, സർജിക്കൽ സ്‌ട്രൈക്ക് എന്നതുപോലെ വോട്ടേഴ്‌സ് സ്‌ട്രൈക്ക്  എന്നൊന്നുണ്ട്. വീടുകളിൽനിന്നിറങ്ങി നമ്മുടെ സഹോദരീസഹോദരൻമാർ വോട്ടർസ്‌ട്രൈക്കിലൂടെ ഈ ബി.ജെ.പി. സർക്കാരിനെ താഴെയിറക്കുമെന്നും മമത പറഞ്ഞു.