മമതാ ബാനർജി വികസനത്തിൻെറ സ്പീഡ് ബ്രേക്കറാണെന്ന് പ്രധാനമന്ത്രി മോദി; മറുപടി ഉടനെ തരാമെന്ന് മമത

single-img
3 April 2019

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ വികസന വിരുദ്ധ എന്ന വിമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ വികസനത്തിൻെറ സ്പീഡ് ബ്രേക്കറാണ് മമതയെന്ന് പ്രധാനമന്ത്രി  കുറ്റപ്പെടുത്തി.

ബംഗാളിൽ ഒരു സ്പീഡ് ബ്രേക്കർ ഉണ്ട്, ‘ദീദി’ എന്ന പേരിൽ നിങ്ങൾക്ക് അറിയാവുന്നൊരാളാണത്. ഈ ‘ദീദി’ നിങ്ങളുടെ വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണ്- മോദി പറഞ്ഞു. 


കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പദ്ധതിയായ ‘ആയുഷ്മാൻ ഭാരത്’ ഉപേക്ഷിച്ച മമത ബാനർജിയെ മോദി കടന്നാക്രമിച്ചു. പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി ചികിത്സ നൽകുന്ന പദ്ധതി ‘സ്പീഡ് ബ്രേക്കർ’ ദീദി എന്തു ചെയ്തു? പാവപ്പെട്ടവർക്ക് പ്രയോജനകരമായ പദ്ധതി അവർ തകർത്തു. വടക്കൻ ബംഗാളിലെ സിലിഗുരിയിൽ ബിജെപിയുടെ ദേശീയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.


സംസ്ഥാനത്തെ ചിട്ടി ഫണ്ട് കേസുകളിലും വികസന നയങ്ങളിലും മമത ബാനർജിയെയും സർക്കാറിനെയും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബംഗാളിന്റെ വികസനത്തിന് വഴിയൊരുക്കാൻ മമത ബാനർജി തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി മോദിക്കുള്ള മറുപടി ഉടനെ തരാമെന്ന് മമത തിരിച്ചടിച്ചിട്ടുണ്ട്.