അമേഠിയുടെ പറാഥ; വയനാട്ടുകാർക്കിത് വെണ്ണ കൂട്ടി കഴിക്കാമോ? രാഹുലിനെ ട്രോളി അമുലിന്റെ ട്വീറ്റ്

single-img
3 April 2019

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ ട്രോൾ ചെയ്ത് അമുൽ. അമേഠിയിലും വയനാട്ടിലും ഒരുമിച്ച് രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യം പരാമർശിച്ചുകൊണ്ടാണ് അമുലിന്റെ പരിഹാസം.

രാഹുല്‍ ഗാന്ധിക്കെതിരെ അമുല്‍ ബേബി പരാമര്‍ശവുമായി വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയോട് സാമ്യമുള്ള കാർട്ടൂൺ ചിത്രത്തോടൊപ്പമുള്ള അമുലിന്റെ ട്വീറ്റ്.

കോണ്‍ഗ്രസ് പ്രസിഡന്റ് രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നുവെന്ന അടിക്കുറിപ്പിനൊപ്പം രാഹുല്‍ ഗാന്ധിയുടെ കാരിക്കേച്ചറും അതിനു താഴെ ‘അമുൽ- അമേഠി കാ പറാഥ (അമുൽ അമേഠിയുടെ പറാത്ത)’ എന്നും മുകളിൽ ‘വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടർ (വയനാടിന് ഇത് വെണ്ണ ചേർത്ത് കഴിക്കാമോ?)’ എന്നുമായിരുന്നു അമുലിന്റെ പരസ്യം.

നേരത്തെ രാഹുല്‍ ഗാന്ധിയെ അമുല്‍ ബേബിയെന്ന് വിശേഷിപ്പിച്ച് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു. മറ്റുള്ളവരുടെ ഉപദേശങ്ങളില്‍ കുരുങ്ങി, സാഹചര്യങ്ങളെ വിലയിരുത്താനാവാത്ത കുട്ടിയെപ്പോലെ പെരുമാറുകയാണ് രാഹുല്‍ ഗാന്ധിയെന്നും വി.എസ്. ആരോപിച്ചിരുന്നു.