നാഥുറാം വിനായക് ഗോഡ്‌സെ: ഹിന്ദു ഭീകരവാദത്തിന് ഒരു ഉദാഹരണമെങ്കിലും കാണിക്കാമോയെന്ന മോദിയുടെ വെല്ലുവിളിക്ക് ടെലഗ്രാഫിൻ്റെ മറുപടി

single-img
2 April 2019

രാജ്യത്ത് ഹിന്ദു ഭീകരവാദത്തിന് ഒരൊറ്റ ഉദാഹരണമെങ്കിലും കാണിക്കാമോയെന്ന  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ദ ടെലഗ്രാഫ് പത്രം. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ക്രൂരനായ ഭീകരവാദിയെക്കുറിച്ച് മറക്കരുത് എന്ന് പറഞ്ഞ് നാഥുറാം ഗോഡ്‌സെയുടെ ചിത്രം നല്‍കിയാണ് ടെലഗ്രാഫിന്റെ മറുപടി.

തിങ്കളാഴ്ച മഹാരാഷ്ട്രയിലെ വാര്‍ധയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കവേയാണ് പ്രധാനമന്ത്രി ഹിന്ദു ഭീകരവാദത്തിന് ഒരൊറ്റ ഉദാഹരണമെങ്കിലും ചൂണ്ടിക്കാട്ടാമോയെന്ന് വെല്ലുവിളിച്ചത്. ‘ഹേ നമോ വിത്ത് അപ്പോളജീസ് ടു ഹേ റാം’ എന്ന തലക്കെട്ടിലാണ് ടെലഗ്രാഫ് മോദിയുടെ പ്രസംഗം റിപ്പോര്‍ട്ടു ചെയ്തത്.

കോണ്‍ഗ്രസ് ഹിന്ദുക്കളെ ഭീകരവാദികളാക്കി ചിത്രീകരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു മോദി ഇത്തരമൊരു ചോദ്യമുയര്‍ത്തിയത്.

‘തീവ്രവാദത്തിന് മതമില്ല. പക്ഷേ, പ്രധാനമന്ത്രീ താങ്കള്‍ ചോദിച്ച സ്ഥിതിക്ക്, സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ക്രൂരനായ ഭീകരവാദിയെക്കുറിച്ച് മറക്കരുത്’ എന്നു പറഞ്ഞുകൊണ്ടാണ് ടെലഗ്രാഫ് പത്രം നാഥുറാം വിനായക് ഗോഡ്‌സെയുടെ ചിത്രം നല്‍കിയിരിക്കുന്നത്.

ഹിന്ദുക്കളെ ഭീകരവാദവുമായി ബന്ധിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് ക്രൂരമായ പാപമാണ് ചെയ്തതെന്നും മോദി പറഞ്ഞിരുന്നു. ഈ പ്രസംഗത്തില്‍ 13 തവണയാണ് മോദി ഹിന്ദുവെന്ന വാക്ക് ഉപയോഗിച്ചതെന്നും ദ ടെലഗ്രാഫ് വാര്‍ത്തയില്‍ അക്കമിട്ട് നിരത്തി പറയുന്നു.