ഗുജറാത്ത് ഹൈക്കോടതി കലാപക്കേസ് പിൻവലിച്ചില്ല: ഹർദിക് പട്ടേലിനു മത്സരിക്കാനാകില്ല

single-img
29 March 2019

പട്ടേൽ സമുദായ നേതാവ് ഹർദിക് പട്ടേലിന്റെ പാർലമെന്ററി മോഹങ്ങൾക്ക് തിരിച്ചടിയായി ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. പാട്ടിദാർ സംവരണ വിഷയം ഉന്നയിച്ച് നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്നഭ്യർത്ഥിച്ച് ഹർദിക് പട്ടേൽ സമർപ്പിച്ച ഹർജ്ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ ഹർദിക് സ്ഥാനാർത്ഥിത്വത്തിന് അയോഗ്യനായത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ലോക്സഭയിലേയ്ക്ക് മത്സരിക്കാനൊരുങ്ങവേയാണ് ഈ തിരിച്ചടി.

2015-ൽ നടന്ന മെഹ്സാന പാട്ടിദാർ കലാപക്കേസിൽ പ്രതിയായിരുന്ന ഹർദിക് പട്ടേലിനെ വിസ്നഗർ സെഷൻസ് കോടതി 2018 ജൂലായ് മാസത്തിൽ രണ്ടുവർഷം തടവിനു ശിക്ഷിച്ചിരുന്നു. ഓഗസ്റ്റ് മാസത്തിൽ ഗുജറാത്ത് ഹൈക്കോടതി ഈ തടവുശിക്ഷ സ്റ്റേ ചെയ്ത് അദ്ദേഹത്തിനു ജാമ്യം നൽകിയിരുന്നെങ്കിലും അദ്ദേഹം കുറ്റക്കാരനാണെന്ന് വിധി സ്റ്റേ ചെയ്തിരുന്നില്ല. അത് സ്റ്റേ ചെയ്യുന്നതിനാണ് അദ്ദേഹം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഈ ഹർജ്ജി നിരസിച്ചതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തിനു തെരെഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.

ഹർദിക്കിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്നും 17 എഫ്ഐആറുകൾ അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ജസ്റ്റിസ് ഉറൈസ് നിരീക്ഷിച്ചു. നിരവധി കോടതികളിലായി നിരവധി കേസുകൾ ഇദ്ദേഹത്തിന്റെ പേരിൽ കെട്ടിക്കിടക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.