അച്ഛൻ അനുഗ്രഹിച്ചു, തൃശൂരിൽ വിജയിക്കുമെന്ന് തുഷാർ: പ്രചരണത്തിനിറങ്ങി പ്രീതീ നടേശൻ
ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. തൃശൂരില്‍ തന്നെയാണ് മല്‍സരിക്കുകയെന്നും അതില്‍ ഇനി മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തോട്, താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. അക്കാര്യം ജനറല്‍ സെക്രട്ടറി പറയട്ടെ. തന്നെ വെറുതെ വിടൂ എന്നായിരുന്നു തുഷാര്‍ പ്രതികരിച്ചത്. അതേസമയം തൃശൂരില്‍ തുഷാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന് അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ബിജെപി കേന്ദ്രനേതൃത്വവും ബിഡിജെഎസും ആവശ്യപ്പെട്ടതു കൊണ്ടാണ് മല്സരരംഗത്തിറങ്ങിയതെന്നും തുഷാര്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്നാണ് തന്രെ വ്യക്തിപരമായ അഭിപ്രായമെന്ന് ഇന്ന് രാവിലെയും വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടിരുന്നു. മുന്‍കാലത്ത് എസ്എന്‍ഡിപിയോഗം പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചിരുന്നു.