മിനിമം വേതനം 18000,വാർധക്യ പെൻഷൻ 6000,പൊതുമേഖലയുടെ സംരക്ഷണം: സിപിഎം പ്രകടന പത്രിക പുറത്തിറക്കി

single-img
28 March 2019

തൊഴിലാളികളുടെ മിനിമം വേതനം മാസം 18000 രൂപയും വാർധക്യകാല പെൻഷൻ 6000 രൂപയുമാക്കുമെന്നതുൾപ്പടെ നിരവധി ജനക്ഷേമ വാഗ്ദാനങ്ങളുമായി സിപിഎമ്മിന്റെ ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രകടന പത്രിക. കൂടുതൽ മെച്ചപ്പെട്ട ഇന്ത്യ, ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണം എന്നിവയാണ് സിപിഎം പ്രകടനപത്രികയുടെ പ്രധാന ഊന്നൽ.

ഭരണഘടന ഉറപ്പുതരുന്ന ജനാധിപത്യ അവകാശങ്ങളും മതേതര മൂല്യങ്ങളും സംരക്ഷിക്കുമെന്നാണ് പ്രകടനപത്രികയിലെ ആദ്യത്തെ വാഗ്ദാനം. സിപിഎമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും പ്രകടന പത്രിക പുറത്തിറക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം  യെച്ചൂരി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കുമെന്നും മൊത്തം ദേശീയവരുമാനത്തിന്‍റെ അഞ്ച് ശതമാനം ആരോഗ്യരക്ഷയ്ക്കായി മാറ്റിവയ്ക്കുമെന്നും പത്രികയിൽ വാഗ്ദാനമുണ്ട്.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ 50 ശതമാനത്തിൽ കുറയാത്ത വില നല്‍കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ട് രൂപ നിരക്കില്‍ ഏഴ് കിലോ അരി,ഒരു കുടുംബത്തിന് രണ്ടു രൂപ നിരക്കിൽ 35 കിലോ അരി, തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം എന്നിങ്ങനെ നിരവധി വാ‍ഗ്ദാനങ്ങൾ പ്രകടന പത്രികയിലുണ്ട്.

സ്വകാര്യ തൊഴിൽ മേഖലകളിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണ ഏർപ്പെടുത്തും, വനിതകൾക്ക് പാർലമെന്റിലും മതു ജനപ്രാതിനിധ്യ സഭകളിലും 33 ശതമാനം സംവരണം എന്നിങ്ങനെ വിപ്ലവകരമായ പലതു പത്രികയിലുണ്ട്.

പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
  • ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു വ്യക്തിക്ക് 7 കിലോ ഭക്ഷ്യ ധാന്യം രണ്ട് രൂപയ്ക്ക് ഉറപ്പു വരുത്തും. അല്ലെങ്കില്‍ ഒരു കുടുംബത്തിന് 35 കിലോ അരി നല്‍കും . 
  • ആരോഗ്യ സുരക്ഷ അവകാശമാക്കി മാറ്റും. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിന്ന് ഒഴിവാക്കും.
  • കര്‍ഷകര്‍ക്ക് ഉത്പാദന ചിലവിന്റെ 50% അധിക വില ഉറപ്പാക്കും
  • വാര്‍ധക്യ പെന്‍ഷന്‍ ആറായിരമോ മിനിമം വേതനത്തിന്റെ പകുതിയോ ആക്കും
  • എസ്സി എസ്ടി വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയിലും റിസര്‍വേഷന്‍ ഉറപ്പു വരുത്തും. 
  • ഡിജിറ്റല്‍ മേഖലയെ പൊതു ഇടമായി കണക്കാക്കും. ഈ മേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കും.
  • സ്ത്രീ സംവരണ ബില്‍ നടപ്പാക്കും.
  • നിര്‍ണ്ണായക പദവികളില്‍ ആര്‍എസ് എസ് നേതാക്കളെ ബിജെപി നിയോഗിച്ചത് ഒഴിവാക്കും.
  • വിദ്യാഭ്യാസ മേഖലയിൽ സമഗ്ര വികസനം ഉറപ്പാക്കും. ജി ഡി പിയുടെ ആറു ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവെയ്ക്കും. വിദ്യാഭ്യാസ മേഖലയുടെ വർഗീയവൽക്കരണം അവസാനിപ്പിക്കും.
  • 2018ലെ ട്രാൻസ്ജൻഡർ ബില്ലിലെ പോരായ്മകൾ പരിഹരിച്ച് ട്രാൻസ്ജൻഡറുകൾക്ക് തുല്യനീതി ഉറപ്പാക്കും. ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് തൊഴിൽ സംവരണം നടപ്പാക്കും.  LGBT വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുംധനികരുടേയും കോർപ്പറേറ്റുകളുടേയും നികുതി ഉയർത്തും.  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നികത്തുംവിധം നികുതിസംവിധാനം പുതുക്കിപ്പണിയും.

ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി പ്രകടന പത്രികയുടെ ശബ്ദരേഖ പുറത്തിറക്കി എന്ന പ്രതേയകതയും സിപിഎം പ്രകടന പത്രികയ്ക്കുണ്ട്.. ഭിന്നശേഷിക്കാര്‍ക്കായാണ് ശബ്ദ രേഖ പുറത്തിറക്കിയത്.