ജയിച്ചാൽ മാസം പത്തുലിറ്റർ ബ്രാണ്ടി, 25000 രൂപ; വ്യത്യസ്തമായ തെരെഞ്ഞെടുപ്പ് വാഗ്ദാനവുമായി സ്ഥാനാർത്ഥി

single-img
25 March 2019
tirupur candidate brandy

ലോക്സഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാനാർത്ഥികളും അവരുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ വ്യത്യസ്തമായ തെരെഞ്ഞെടുപ്പ് വാഗ്ദാനവുമായി ശ്രദ്ധേയനാകുകയാണ് തമിഴ്നാട്ടിലെ തിരുപ്പൂർ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായ എഎം ഷെയ്ഖ് ദാവൂദ് .

തന്നെ ജയിപ്പിച്ചാൽ മാസം പത്തുലിറ്റർ ബ്രാണ്ടി വീട്ടിലെത്തിച്ചു തരാമെന്നാണ് ഷെയ്ഖ് ദാവൂദിന്റെ വാഗ്ദാനം. മാത്രമല്ല വീട്ടമ്മമാർക്ക് മാസം 25000 രൂപ വീതം നൽകാമെന്നും എല്ലാ വീട്ടിൽ നിന്നും ഒരാൾക്ക് വീതം സർക്കാർ ജോലി നൽകാമെന്നും ദാവൂദ് വാഗ്ദാനം ചെയ്യുന്നു.

ശനിയാഴ്ച കളക്ടറേറ്റിലെത്തി  തെ‌ര‌ഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് തന്‍റെ വാഗ്ദാനങ്ങള്‍ ദാവൂദ് വെളിപ്പെടുത്തിയത്. ഈറോഡ് ജില്ലയിലെ അന്ത്യൂർ സ്വദേശിയായ ദാവൂദ് ഒരു തയ്യൽക്കാരനാണ്.

എല്ലാവരും മദ്യം കഴിക്കാറുണ്ടെന്നും വ്യാജമദ്യം വ്യാപകമാകുന്നതിനാൽ ആളുകൾക്ക് ശുദ്ധമായ മദ്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ വാഗ്ദാനമെന്നും ദാവൂദ് പറഞ്ഞതായി ദേശീയമാധ്യമമായ മിറർ നൌ റിപ്പോർട്ട് ചെയ്യുന്നു. പോണ്ടിച്ചേരിയില്‍ നിന്നും ഇറക്കുമതി ചെയ്ത് 10 ലിറ്റര്‍ വീതം മദ്യം എല്ലാ വീടുകളിലുമെത്തിക്കുക എന്നതാണ് ദാവൂദിന്റെ പദ്ധതി.

എന്നാൽ ദാവൂദിന്റെ വാഗ്ദാനങ്ങൾ ഇതിലൊന്നും ഒതുങ്ങിനിൽക്കുന്നില്ല. വിവാഹ ആവശ്യങ്ങൾക്കായി ഓരോ വ്യക്തിയ്ക്കും എം പി ഫണ്ടിൽ നിന്നും പത്ത് സ്വർണ്ണ നാണയങ്ങളും പത്തുലക്ഷം രൂപയും അനുവദിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, തിരുപ്പൂരിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി സേലത്തെ മേട്ടൂർ ഡാമിൽ നിന്നും തിരുപ്പൂരിലേയ്ക്ക് കനാൽ നിർമ്മിക്കുകയും ചെയ്യും.

തിരുപ്പൂരിൽ എഐഎഡിഎംകെ യ്ക്ക് വേണ്ടി മത്സരിക്കുന്നത് എം എസ് എം ആനന്ദനാണ്. സിപിഐയുടെ സുബ്ബരായനാണ് ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയ്ക്ക് വേണ്ടി മത്സരിക്കുന്നത്.