കനയ്യയെ പേടി: ബെഗുസരായ് സീറ്റിൽ മത്സരിക്കാൻ വിസമ്മതിച്ച് ബിജെപിയുടെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

single-img
25 March 2019

കനയ്യ കുമാർ മത്സരിക്കുന്ന ബീഹാറിലെ ബെഗുസരായ് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ വിസമ്മതിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. നവാദ സീറ്റ് മാറ്റി തനിക്ക് ബെഗുസരായ് തരണം എന്ന് ഒരിക്കലും നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടില്ല എന്ന് ഗിരിരാജ് സിംഗ് ദേശീയ മാധ്യമമായ എബിപി ന്യൂസിനോട് പറഞ്ഞു.

അഞ്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഗിരിരാജ് സിംഗിനെ സമ്മതിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗിരിരാജ് സിംഗ് വഴങ്ങിയില്ല.നിലവില്‍ നവാദ സീറ്റ് സഖ്യകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടിക്ക് നല്‍കിയിരിക്കുകയാണ്.

ബെഗുസരായില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായ കനയ്യയെ പിന്തുണക്കാമെന്ന് ആര്‍ജെഡി നേരത്തെ പറഞ്ഞിരുന്നങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു. ഇടതുപാര്‍ട്ടികളായ സിപിഎമ്മിനും സിപിഐയ്ക്കും ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം ഒരു സീറ്റുപോലും കൊടുക്കാതിരുന്ന സാഹചര്യത്തിലാണ് കനയ്യ കുമാർ മത്സരിക്കാൻ തീരുമാനിച്ചത്.

ഗിരിരാജ് സിംഗിനെപ്പോലെ ഒരു നേതാവിനെ നേരിടാൻ കനയ്യയ്ക്ക് കഴിയില്ലെന്നും കനയ്യ ഉൾപ്പെടുന്ന ഭൂമിഹാർ സമുദായം ഗിരിരാജ് സിംഗിനെ പിന്തുണയ്ക്കുമെന്നും കരുതിയാണ് ആർജെഡി കനയ്യയ്ക്ക് സീറ്റ് നിഷേധിച്ചത്.

എന്നാൽ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറിനെ പൊതു സ്ഥാനാര്‍ത്ഥിയായി ഇടത് പാര്‍ട്ടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബെഗുസരായില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ഗിരിരാജ് സിംഗ് പ്രഖ്യാപിക്കുകയായിരുന്നു.

സി.പി.ഐയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ബെഗുസാരായി നേരത്തെ സി.പി.ഐ ജയിച്ചിട്ടുള്ള മണ്ഡലം കൂടിയാണ്. ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്നാണ് ബെഗുസരായ് അറിയപ്പെട്ടിരുന്നത്.