കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ‘ട്വൻ്റി 20’ ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കും: കിറ്റെക്സ് എംഡി സ്ഥാനാർത്ഥിയാകും


കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ജനകീയ കൂട്ടായ്മയായ ‘ട്വൻ്റി 20’ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. കിറ്റെക്സ് ഗാര്‍മെന്റ്സ് എംഡിയും ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്ററുമായ സാബു എം ജേക്കബ് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. ഞായറാഴ്ച കിഴക്കമ്പലത്തു ചേര്‍ന്ന ട്വന്റി 20 പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് മത്സരത്തിനിറങ്ങാന്‍ തീരുമാനമുണ്ടായത്.
ചീഫ് കോ- ഓര്‍ഡിനേറ്റര്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടായ്മയുടെ നേതാക്കൾ പറഞ്ഞു. ഇരു മുന്നണികളും ട്വന്റി 20 യോട് പുലർത്തുന്ന നയത്തില്‍ പ്രതിഷേധിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച കിഴക്കമ്പലം സെന്റിനറി ഹാളില്‍ കൂടിയ 2200-ഓളം പ്രവര്‍ത്തകരുടെ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്.
യുഡിഎഫിനും എല്‍ഡിഎഫിനും വോട്ടു രേഖപ്പെടുത്തേണ്ടതില്ല എന്ന തീരുമാനമാണ് പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. വിശദ ചര്‍ച്ചയ്ക്കൊടുവിലാണ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി വോട്ടുകള്‍ സ്വരൂപിക്കാന്‍ തീരുമാനിച്ചത്. പഞ്ചായത്തിലെ 80 ശതമാനം വോട്ടുകളും നേടാനാകുമെന്ന് ട്വന്റി 20 കരുതുന്നു. ഇതോടൊപ്പം സമീപ നിയമസഭാ മണ്ഡലങ്ങളിലെ നല്ലൊരു വിഭാഗം നിഷ്പക്ഷ വോട്ടുകളും ലഭിക്കുമെന്ന് അവർ കണക്കു കൂട്ടുന്നു.