യുദ്ധമല്ല സമാധാനമാണ് നമുക്ക് വേണ്ടത്; ഇവിടെ പലർക്കും യുദ്ധം ക്രിക്കറ്റുകളിപോലുള്ള എന്തോ കാര്യമാണ്: മേജർരവി

single-img
2 March 2019

ഇന്ത്യൻ ജനതയെ സംബന്ധിച്ച് സമാധാനമാണ് വേണ്ടതെന്ന് മുൻ മേജറും  സംവിധായകനുമായ മേജർരവി. അഭിനന്ദന്‍ വര്‍ത്തമാൻ്റെ വിട്ടയക്കലുമായി ബന്ധപ്പെട്ട്  പാകിസ്താനെ ഒരുതരത്തിലും പ്രകോപിപ്പിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധ സാഹചര്യങ്ങൾക്കിടയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളാണ് ഇതൊക്കെ.  ഇത് ഞങ്ങളുടെ വിജയം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് 18കേരളയിൽ  നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നമ്മൾ വിജയിച്ചു എന്ന് നമുക്ക് ബോധ്യമായി.  എന്നാൽ അത് വലിയ വിജയമായി പാകിസ്ഥാൻ മുമ്പിൽ വയ്ക്കുകയും പ്രകോപനം ഉണ്ടാക്കുകയും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിൽ എല്ലാ ആക്രമണങ്ങളും മറ്റും എല്ലാദിവസവും നടക്കുന്നുണ്ട്.  അതൊരു യുദ്ധമായി വിലയിരുത്താൻ കഴിയില്ല. അണുവായുധ ശേഷിയുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ തോൽക്കാൻ പോകുന്ന രാജ്യമായിരിക്കും ആദ്യം അണുവായുധം പ്രയോഗിക്കുന്നത്.  ഇത് രണ്ടു രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കും എന്നതാണ് യഥാർത്ഥ വസ്തുത. പ്രത്യേക ഇടങ്ങളിൽ ഇരുരാജ്യങ്ങളും ആക്രമണങ്ങൾ നടത്താറുണ്ട്. അത് ആ പ്രദേശത്തെ വിഷയം മാത്രമാണ്. മീഡിയകളും മറ്റുള്ളവരും ചേർന്ന് ആ വിഷയങ്ങൾ പുറത്തേക്ക് പുലർത്തുമ്പോഴാണ്  പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുന്നത്- മേജർ രവി പറഞ്ഞു.

യുദ്ധം എന്നുള്ളത് ഒരു ക്രിക്കറ്റ് കളിയോ അതുപോലുള്ള മറ്റെന്തെങ്കിലുമോ അല്ല എന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ എന്തോ ആണ് യുദ്ധമെന്ന ഇവിടെ ചിലർക്ക് ധാരണകളുണ്ട്.  ഇത്തരം ധാരണകൾ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി