പാകിസ്ഥാൻ സേനാനീക്കം ആരംഭിച്ചതായി റിപ്പോർട്ടുകൾ; ഇന്ത്യ അറബിക്കടലില്‍ ഐഎന്‍എസ് കാല്‍വരി മുങ്ങിക്കപ്പല്‍ വിന്യസിച്ചു

single-img
2 March 2019

പാകിസ്ഥാൻ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ കൈമാറിയതോടെ സംഘർഷ സാധ്യതയ്ക്ക് താത്കാലിക അയവുവന്നെങ്കിലും സ്ഥിതിഗതികൾ വീണ്ടും യുദ്ധസമാന സാഹചര്യത്തിലേക്കെന്നു റിപ്പോർട്ടുകൾ. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതു സമയത്തും സേനാനീക്കം പ്രതീക്ഷിക്കാമെന്ന വിലയിരുത്തിലിലാണ് ഇന്ത്യന്‍ സൈന്യം.

ഇതിന്റെ ഭാഗമായി അതീവ ജാഗ്രത തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടൂന്നു. അഭിനന്ദന്‍ വര്‍ത്തമാനെ കൈമാറിയെങ്കിലും നിയന്ത്രണ രേഖയിലും രാജ്യാന്തര അതിര്‍ത്തിയിലും പാകിസ്ഥാന്‍ സേനാ നീക്കം നടത്തുന്നുണ്ടെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

പാക് ഭാഗത്തുനിന്ന് സേനാ നീക്കമുണ്ടായാല്‍ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  ഇന്ത്യ അറബിക്കടലില്‍ ഐഎന്‍എസ് കാല്‍വരി മുങ്ങിക്കപ്പല്‍ വിന്യസിച്ചതായി ദ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല ജമ്മു മേഖലയിലെ രാജ്യാന്തര അതിര്‍ത്തിയിലേക്ക് കൂടുതല്‍ സേനയെ എത്തിക്കാന്‍ നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതിര്‍ത്തിയിലെ സൈനികര്‍ക്കു യുദ്ധസന്നരായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിനകത്ത് കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്നും സുരക്ഷാവിഭാഗം മുന്നറിയിപ്പു നൽകുന്നു.