ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിൽ അമേരിക്ക, ബ്രിട്ടൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ പതാകകളുടെ പെയിൻറിംഗുകൾ

single-img
27 February 2019

പാകിസ്ഥാനിലെ ബാലാകോട്ടിൽ  ഇന്ത്യ തകർത്ത ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിലെ സ്റ്റെയർകെയ്സിന് മുകളിൽ പതാകകളുടെ ചിത്രങ്ങളും. പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കി ജെയ്ഷെ ക്യാമ്പിന് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് ക്യാമ്പിന്റേയും അതോടൊപ്പം പതാകകൾ പെയിന്റ് ചെയ്ത സ്റ്റെയർകെയ്സിന്റെയും ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

അമേരിക്ക, ബ്രിട്ടൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ പതാകകളുടെ പെയിന്റിങ്ങുകളാണ് സ്റ്റെയർകെയ്സിന് മുകളിലുള്ളത്. ബാലാക്കോട്ടില്‍ ജയ്‌ഷെ മുഹമ്മദ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ചിത്രങ്ങളുമുണ്ട്. വെളുത്ത പതാക ഉയര്‍ത്തിയിരിക്കുന്ന വലിയ ഗേറ്റുകള്‍ക്കു പിന്നിലാണ് കെട്ടിടം. എകെ 47 റൈഫിളുകളും വെടിക്കോപ്പുകളും ഗ്രനേഡുകളും സ്‌ഫോടകവസ്തുക്കളും ഉള്‍പ്പെടെ വന്‍ ആയുധ ശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

ആയിരം കിലോ ബോംബ് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ വര്‍ഷിച്ചു. 12 മിറാഷ് 2000 യുദ്ധ വിമാനങ്ങളാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ഭീകര ക്യാമ്പ് പൂര്‍ണമായും തകര്‍ത്തുവെന്നും വ്യോമസേന അറിയിച്ചു. ഇന്ത്യന്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പാക് സൈന്യം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വിമാനങ്ങള്‍ സുരക്ഷിതമായി രാജ്യത്തേക്ക് തിരിച്ചുപോരുകയായിരുന്നു.