നല്ല ഉറക്കത്തിനിടയിൽ അതിഭയങ്കര ശബ്ദം; ഭൂകമ്പമാണെന്നാണ് ആദ്യം കരുതിയത്: ഇന്ത്യയുടെ മിന്നലാക്രമണത്തിൽ ഞെട്ടിത്തരിച്ച് ബലാകോട്ട്

single-img
27 February 2019

ബലാകോട്ടിലെ ഗ്രാമീണർ ഇപ്പോഴും ഭയപ്പാടിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ നടുക്കം ഇപ്പോഴും അവരില്‍ നിന്നും വിട്ടുമാറിയിട്ടില്ല. പുലര്‍ച്ചെ വലിയ പൊട്ടിത്തെറികളും ശബ്ദവും കേട്ടാണ് ഉണര്‍ന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ഭൂകമ്പമുണ്ടായെന്നാണ് തോന്നിയതെന്നും വലിയ ശബ്ദത്തിന് പിന്നാലെ ജെറ്റ് വിമാനങ്ങളുടെ ഇരമ്പല്‍ കേട്ടുവെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി. ബോംബുകള്‍ വീണതിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ടെന്നും നാലഞ്ച് വീടുകള്‍ തകര്‍ന്നുവെന്നും നാട്ടുകാരെ ഉദ്ധരിച്ച് ബിബിസി ചെയ്യുന്നു. .

പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിന് പ്രതികാരമായി ജയ്ഷ്- ഇ- മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. 350 ലേറെ ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.എന്നാല്‍ ഇന്ത്യ നടത്തിയ ആക്രമണം പരാജയമായിരുന്നുവെന്നും ആളപായം ഇല്ലെന്നുമാണ് പാക് സൈനിക വക്താവ് ട്വീറ്റ് ചെയ്തത്.

വടക്കന്‍ പാകിസ്ഥാനിലെ ബലാകോട്ട് ഗ്രാമം 2005 ല്‍ കശ്മീരിലുണ്ടായ ഭൂകമ്പത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. പിന്നീട് സൗദി അറേബ്യയുടെ സഹായത്തോടെയാണ് ഈ ഗ്രാമം പുനര്‍നിര്‍മ്മിച്ചത്. ഭൂകമ്പ സാധ്യതാ പ്രദേശം കൂടിയാണ് ഖൈബര്‍ പക്തൂണ്‍ഖവ പ്രവിശ്യയിലുള്ള ഇവിടം.