അടികിട്ടി; തിരിച്ചടിക്കും: ഒടുവിൽ ഇന്ത്യയുടെ മിന്നലാക്രമണം സ്ഥിരീകരിച്ച് പാകിസ്ഥാൻ
ഒഴിഞ്ഞു മാറലിനൊടുവിൽ ഇന്ത്യയുടെ മിന്നലാക്രമണം സ്ഥിരീകരിച്ച് പാകിസ്ഥാൻ. വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാകിസ്ഥാന്റെ ഭാഗത്തുനിന്നും ആദ്യമായാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്.
ഇന്ത്യ ഇത്തരത്തിൽ എന്തെങ്കിലും ചെയ്യുമെന്ന് നേരത്തെ ലോകത്തോട് പാകിസ്ഥാൻ പറഞ്ഞിരുന്നു. ഇന്ന് അവർ അത് ചെയ്തിരിക്കുന്നു-ഖുറേഷി പറഞ്ഞു.ഇതിന് പാകിസ്ഥാൻ തിരിച്ചടി നൽകുമെന്നും ഖുറേഷി പറഞ്ഞു. സ്വയം പ്രതിരോധത്തിനു പാക്കിസ്ഥാന് അവകാശമുണ്ടെന്നും ഷാ ഖുറേഷി അറിയിച്ചു.
ഇതിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടിയന്തര കാബിനറ്റ് യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇന്ത്യൻ മിന്നലാക്രമണം സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.