യുദ്ധകാഹളം മുഴങ്ങി? ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചു സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചതായി പാകിസ്ഥാൻ

single-img
26 February 2019

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചതായി പാകിസ്ഥാൻ.  മുസഫറാബാദ് സെക്ടറില്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് കടന്നുവെന്നാണ് പാകിസ്ഥാന്‍ ആരോപിച്ചത്. ബലാകോട്ടില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചെന്നും, എന്നാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും പാക് സൈനിക വക്താവ് അറിയിച്ചു.

പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂറാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്. ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതോടെ, പാക് വിമാനങ്ങളും തിരിച്ചടിക്ക് തയ്യാറായി. ഇതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ച് പോകുകയായിരുന്നുവെന്ന് അസിഫ് ഗഫൂര്‍ പറഞ്ഞു. തിരിച്ചു  പറക്കുന്നതിനിടെയാണ് സ്ഫോടകവസ്തുക്കൾ വഹിച്ചതെന്നും ആസിഫ് ഗഫൂർ പറഞ്ഞു.

എന്നാല്‍ പാകിസ്ഥാന്റെ ആരോപണത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയക്കുമെന്ന അഭ്യൂഹങ്ങള്‍നിലനിൽക്കുന്നതിനിടെയാണ് പുതിയ വാർത്ത.