വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് മുന്നൂറിലധികം തീവ്രവാദികൾ; ഇന്ത്യയുടെ അപ്രതീക്ഷിത മറുപടിയിൽ ഞെട്ടി പാകിസ്ഥാൻ

single-img
26 February 2019

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചു ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ.   ഈ വിവരം സ്ഥിരീകരിച്ചു എഎൻഐയും റിപ്പോർട്ട് ചെയ്യുന്നു. 12 പോർ വിമാനങ്ങളുടെ നേതൃത്വത്തിലാണ് പാകിസ്ഥാനിൽ ഇന്ത്യ ആക്രമണം നടത്തിയതെന്നു  സൂചനകൾ. ഇന്ത്യൻ വ്യോമാക്രമണത്തിൽ മൂന്നൂറിലധികം ഭീകരർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.

അതിർത്തി ലംഘിച്ച് പാകിസ്ഥാനിലേക്ക് കടന്നുകയറിയ പോർവിമാനങ്ങൾ ഏകദേശം 1000 കിലോ സ്ഫോടകവസ്തുക്കൾ അവിടെ വർഷിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

മുസഫറാബാദ് സെക്ടറില്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് കടന്നുവെന്നാണ് നേരത്തേ പാകിസ്ഥാന്‍ ആരോപിച്ചത്. ബലാകോട്ടില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചെന്നും, എന്നാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും പാക് സൈനിക വക്താവ് അറിയിച്ചു. അതിനു പിറകെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.

പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂറാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്. ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതോടെ, പാക് വിമാനങ്ങളും തിരിച്ചടിക്ക് തയ്യാറായി. ഇതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ച് പോകുകയായിരുന്നുവെന്ന് അസിഫ് ഗഫൂര്‍ പറഞ്ഞു. തിരിച്ചു  പറക്കുന്നതിനിടെയാണ് സ്ഫോടകവസ്തുക്കൾ വഹിച്ചതെന്നും ആസിഫ് ഗഫൂർ പറഞ്ഞു.

എന്നാല്‍ പാകിസ്ഥാന്റെ ആരോപണത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയക്കുമെന്ന അഭ്യൂഹങ്ങള്‍നിലനിൽക്കുന്നതിനിടെയാണ് പുതിയ വാർത്ത.