തക്കാളിയില്ലാതെ കറിവച്ച് പാകിസ്ഥാൻ; ഭീകരാക്രമണത്തെ തുടർന്നു ഇന്ത്യയില്‍ നിന്നും കർഷകർ കയറ്റുമതി നിര്‍ത്തിയതോടെ തക്കാളി വില പാകിസ്ഥാനിൽ റോക്കറ്റായി

single-img
24 February 2019

ഇന്ത്യയില്‍ നിന്നും തക്കാളി കയറ്റുമതി നിര്‍ത്തിയതോടെ, പാകിസ്ഥാനില്‍ തക്കാളിക്ക് ഇരട്ടിയിലധികം വില. കിലോയ്ക്ക് 180 രൂപ വരെ വില ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഇനമായ തക്കാളി ഇപ്പോൾ അവരുടെ തീൻമേശയിൽ നിന്നും അപ്രത്യക്ഷമായ നിലയിലാണ്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലേക്കുള്ള തക്കാളി കയറ്റുമതി നിര്‍ത്തിവെക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു. പാകിസ്ഥാനിലേക്കുള്ള ഇറക്കുമതി തീരുവ 200 ശതമാനമാക്കിയതിന് പിന്നാലെയായിരുന്നു തക്കാളി കയറ്റുമതി നിര്‍ത്തിവെച്ചത്.

മധ്യപ്രദേശിലെ പെറ്റ്‌ലവാഡയില്‍ നിന്നുള്ള തക്കാളിക്ക് പാകിസ്ഥാനില്‍ വന്‍ ഡിമാന്റാണ്. ഇന്ത്യയില്‍ 25 കിലോയ്ക്ക് 500 മുതല്‍ 600 രൂപ വരെ കിട്ടുന്ന തക്കാളിക്ക് പാകിസ്ഥാനില്‍ 1200 മുതല്‍ 1500 രൂപ വരെ കിട്ടാറുണ്ട്.

ഞങ്ങള്‍ കര്‍ഷകരാണ്. ഞങ്ങള്‍ തക്കാളി കൃഷി ചെയ്യുന്നു. ഈ തക്കാളി ഞങ്ങള്‍ പാകിസ്താനിലേക്ക് കയറ്റി അയക്കുന്നുമുണ്ട്. പക്ഷേ ഞങ്ങളുടെ ഭക്ഷണം കഴിച്ചിട്ട് അവര്‍ ഞങ്ങളുടെ സൈനികരെ വധിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് പാകിസ്താന്‍ ഇല്ലാതായി കാണാനാണ്. അതുകൊണ്ട് തന്നെ മറ്റ് രാജ്യക്കാരേയും അതിന് അനുവദിക്കില്ല’  മധ്യപ്രദേശിലെ കര്‍ഷകനായ രവീന്ദ്ര പടിദാര്‍ പറഞ്ഞതായി എ എന്‍ ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.