തൻ്റെ പതിനഞ്ചാം വയസ്സിൽ പാകിസ്ഥാനെ തോൽപ്പിച്ച സച്ചിനെയാണ് ചിലർ രാജ്യസ്നേഹം പഠിപ്പിക്കുന്നത്: അർണാബ് ഗോസ്വാമിക്ക് ശരത്പവാറിൻ്റെ മറുപടി

single-img
24 February 2019

പാകിസ്താനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരം ബഹിഷ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ആക്രമിക്കുന്നവര്‍ക്കെിതിരേ  എന്‍സിപി നേതാവ് ശരദ് പവാര്‍. തൻ്റെ പതിനഞ്ചാം വയസ്സില്‍ പാകിസ്താനെ തോല്‍പിച്ചുകൊണ്ട് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സച്ചിന്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സച്ചിനെയാണ് ചിലർ ഇപ്പോൾ രാജ്യസ്നേഹം പഠിപ്പിക്കുവാൻ നടക്കുന്നത്. സച്ചിനെ വിമർശിക്കുന്നവർ സച്ചിൻ പാകിസ്ഥാനെതിരെ പോരാടിയ കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ബീഡില്‍ നടന്ന കോണ്‍ഗ്രസിന്റെയും എന്‍.സി.പി.യുടെയും സംയുക്ത റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ബിസിസിഐയുടെയും ഐസിസിയുടെയും മുന്‍ അധ്യക്ഷന്‍കൂടിയായ പവാര്‍.

സച്ചിന്‍ ഒരു ഭാരതരത്‌നയും സുനില്‍ ഗവാസ്‌ക്കര്‍ രാജ്യത്തിന് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച താരമാണെന്നുമുള്ള കാര്യം വിസ്മരിക്കരുതെന്നും പവാര്‍ പറഞ്ഞു. ഇന്ത്യ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കരുതെന്ന അഭിപ്രായക്കാരാണ് സച്ചിനും ഗവാസ്‌ക്കറും. എന്നാല്‍, പാകിസ്താനെ അനുകൂലിക്കുന്നു എന്ന് ആരോപിച്ച് സച്ചിനെ ചിലര്‍ ആക്രമിക്കുകയാണ്-പവാര്‍ കുറ്റപ്പെടുത്തി.

പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പാകിസ്താനെതിരായ എല്ലാ കായികബന്ധവും വിച്‌ഛേദിക്കണമെന്ന ആവശ്യം ശക്തമായത്. ഇന്ത്യ പാകിസ്താനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

ജൂണ്‍ പതിനാറിന് മാഞ്ചസ്റ്ററിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് പോരാട്ടം.