മുഖത്തോട് മുഖം നിന്ന് നമുക്കിത് അവസാനിപ്പിക്കാം, യുദ്ധക്കളത്തിലാണെങ്കില്‍ അങ്ങനെ: പാകിസ്ഥാനെതിരെ ചാഹല്‍

single-img
21 February 2019

ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം കളിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ബി.സി.സി.ഐയും സര്‍ക്കാരുമാണെന്നു ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. പുല്‍വാമ  ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി യുവതാരം രംഗത്തെത്തിയത്. ഒന്നോ രണ്ടോ താരങ്ങള്‍ മാത്രം തീരുമാനിക്കേണ്ട കാര്യമല്ല ഇതെന്നും ചാഹല്‍ വ്യക്തമാക്കി.

ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം. ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കേണ്ട സമയമാണിത്. ഇനിയും ഇത് സഹിക്കാനാകില്ല. ശാശ്വതമായ ഒരു പരിഹാരമാണ് വേണ്ടത്. ഓരോ മൂന്നു മാസം കൂടുമ്പോഴും അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുന്നുവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടുതന്നെ നമ്മള്‍ ഇനിയും കാത്തിരിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. മുഖത്തോട് മുഖം നിന്ന് നമുക്കിത് അവസാനിപ്പിക്കാം. അതിപ്പോള്‍ യുദ്ധക്കളത്തിലാണെങ്കില്‍ അങ്ങനെ- ചാഹല്‍ വ്യക്തമാക്കി.

നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ നിലപാട് വ്യക്തമാക്കി ഹര്‍ഭജന്‍ സിങ്ങും രംഗത്തെത്തിയിരുന്നു. രാജ്യമാണ് വലുതെന്നും ലോകകപ്പില്‍ പാകിസ്താനുമായി ഇന്ത്യ കളിക്കരുത് എന്നുമായിരുന്നു ഹര്‍ഭജന്റെ പ്രതികരണം.