യുഎഇയിലെ ആയിരക്കണക്കിന് മലയാളികളെപ്പറ്റി ദുബായ് ഭരണാധികാരിയോട് സൂചിപ്പിച്ച് മുഖ്യമന്ത്രി; തൻ്റെ കൊട്ടാരത്തില്‍ എല്ലാവരും മലയാളികളാണെന്നു ശൈഖ് മുഹമ്മദ്

single-img
16 February 2019

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും  കൂടിക്കാഴ്ച നടത്തി. ദുബായിലാണ് കൂടിക്കാഴ്ച നടന്നത്. ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി ശൈഖിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച ശൈഖ് മുഹമ്മദ് താമസിയാതെ കേരളം സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ശൈഖ് മുഹമ്മദിന്റെ ദുബായിലെ സാബില്‍ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. കേരളവും യുഎഇയും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.

യുഎഇയിലെ മലയാളികള്‍ക്ക് നല്‍കുന്ന സ്‌നേഹത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. ഇതിനിടെ യുഎഇയില്‍ എല്ലായിടത്തുമായി ആയിരക്കണക്കിന് മലയാളികളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ തന്റെ കൊട്ടാരത്തില്‍ എല്ലാവരും മലയാളികളാണെന്നായിരുന്നു ശൈഖ് മുഹമ്മദിന്റെ മറുപടി.

കൂടിക്കാഴ്ചയില്‍ ഉഭയകക്ഷിബന്ധം വര്‍ധിപ്പിക്കുന്നതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ശൈഖ് മുഹമ്മദ് പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ആദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തുന്നത്. അരമണിക്കൂറിലേറെ കൂടിക്കാഴ്ച നീണ്ടുനിന്നു. തന്റെ ആത്മകഥാംശമുള്ള പുതിയ കൃതിയായ ‘മൈസ്‌റ്റോറി’ എന്ന പുസ്തകവും ശൈഖ് മുഹമ്മദ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.