കേരളത്തിൻ്റെ സ്വന്തം സൈനികർ അല്ലാതെ പിന്നെ ആരാണ് ഇത് നിർവഹിക്കാൻ അർഹർ; പുന്നപ്ര ഗവണ്‍മെൻ്റ് എഞ്ചിനിയറിംഗ് കോളെജിലെ യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയത് പ്രളയത്തിൽ രക്ഷകരായി എത്തിയ മത്സ്യത്തൊഴിലാളികൾ

single-img
8 February 2019

പ്രളയം വിഴുങ്ങിക്കൊണ്ടിരുന്നവരെ കൈപിടിച്ചുയര്‍ത്തിയ  മത്സ്യത്തൊഴിലാളികളുടെ വീരകഥകൾ ഇന്ന് കേരളീയർക്ക് പാട്ടാണ്.  എന്നാൽ അവരിൽ ആരാണ് ആദ്യം വള്ളവുമായി ഇറങ്ങിയിട്ടുണ്ടാവുക എന്ന ചോദ്യം  അവശേഷിക്കുന്നു. പുന്നപ്ര ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളെജിലെ കുട്ടികള്‍ക്ക് ഇക്കാര്യത്തിൽ തെറ്റു പറ്റുന്നില്ല.  ജീവന് ഭീഷണിയായിട്ടും, വള്ളത്തിനും ബോട്ടിനുമെല്ലാം കെടുപാട് പറ്റുമെന്ന് അറിയാമായിരുന്നിട്ടും പ്രളയ ജലത്തിലേക്ക് ആദ്യമെത്തിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചത് അവർ ആ കടം വീട്ടുന്നത്.

പ്രണയം കൊടുമ്പിരികൊണ്ട സമയത്ത് മുന്നും പിന്നും നോക്കാതെ ആദ്യം ഇറങ്ങാന്‍ മനസ് കാണിച്ച ആ മത്സ്യത്തൊഴിലാളികളെ തന്നെയാണ് ആദരിക്കേണ്ടത് എന്ന് അവര്‍ക്കറിയാമായിരുന്നു.  കേരളത്തിൻ്റെ സ്വന്തം സൈനികരെ നോബല്‍ സമ്മാനത്തിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ഒരുങ്ങുന്ന ഈ അവസരത്തിൽ അർഹമായ ആദരവ് നൽകിയാണ് വിദ്യാർത്ഥികൾ മാതൃകയാകുന്നത്.

പുന്നപ്ര ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളെജിലെ യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയത് വെള്ളിത്തിരയില്‍ തിളങ്ങുന്നവരല്ല. പ്രളയകാലത്തെ ബുദ്ധിമുട്ട് ഏറെ നേരിട്ട പുന്നപ്രക്കാര്‍ക്ക് മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് ഹീറോ. നാടിന്റെ രക്ഷയ്ക്കിറങ്ങാന്‍ മറ്റ് മത്സ്യത്തൊഴിലാളികളേയും പ്രേരിപ്പിച്ച് വഴികാണിച്ചിറങ്ങിയ അവരെയാണ് ഇവിടുത്തെ കുട്ടികള്‍ ക്ഷണിച്ചത്. ആലപ്പുഴയില്‍ നിന്നും ആദ്യമായി ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍.

ടി.എ.രാജേഷ്, മത്സ്യത്തൊഴിലാളി യൂണിയന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി സി.ശ്യാംജി എന്നിവരാണ് ഇവിടെ കോളെജ് യൂണിയന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. രാജേഷിന്റെ ബോട്ടായിരുന്നു ആലപ്പുഴ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങിയത്. ആ സമയം ബോട്ടിറക്കി രക്ഷാപ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചത് മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറിയായ ശ്യാംജിയാണ്.

ചെങ്ങന്നൂരിലെ കല്യാശേരി ഭാഗത്ത് നിന്നും നിരവധി പേരെയാണ് ഇവര്‍ രക്ഷിച്ചുകൊണ്ടുവന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഇവരുടെ വള്ളങ്ങള്‍ക്ക് വലിയ തോതില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നിരുന്നു. ഇങ്ങനെ വള്ളവുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ ആദ്യം മനസ് കാണിച്ച രണ്ട് പേര്‍ എന്ന നിലയിലാണ് ഇവരെ രണ്ട് പേരെ ആദരിക്കാന്‍ തീരുമാനിച്ചതെന്ന് കോളെജ് മാഗസിന്‍ എഡിറ്റര്‍ അനീസ് പറയുന്നു.