ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി…; മോഹൻലാലിൻ്റെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി കെ ആര്‍ പിള്ള ഇന്ന് ഭക്ഷണത്തിനും മരുന്നിനും വഴിയില്ലാതെ ദുരിതക്കയത്തില്‍

single-img
8 February 2019

ശോഭരാജ്, അമൃതംഗമയ, ഒരു യുഗസന്ധ്യ, ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി.. തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളുടെ നിർമ്മാതാവ് ഇന്ന് ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെ ദുരിതക്കയത്തിലെന്ന് റിപ്പോർട്ടുകൾ. ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ  ചിത്രങ്ങൾ നിർമ്മിച്ചിരുന്ന പി കെ ആര്‍ പിള്ള എന്ന വ്യവസായിയാണ് ജീവിതസായാഹ്നത്തിൽ കഷ്ടപ്പെടുന്നത്. മലയാള സിനിമയില്‍ ബോക്‌സ്‌ഓഫീസ് റെക്കോഡുകള്‍ തിരുത്തിയ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടുകളിൽ പിറന്ന പ്രമുഖ ചിത്രങ്ങളുടെ നിർമ്മാതാവാണ്  അദ്ദേഹം.

ഒരുകാലത്ത് തരംഗമായ മോഹൻലാലിൻറെ പ്രമുഖ ചിത്രങ്ങൾ എല്ലാം നിർമിച്ചത് ഇദ്ദേഹമാണ്. കലാമൂല്യവും ജനപ്രിയതയും ഒത്തുചേര്‍ന്ന 22 ഓളം സിനിമകളാണ്  അദ്ദേഹം സ്വന്തമായി നിർമ്മിച്ചത്. എന്നാൽ അതേ നിർമ്മാതാവ് ഇന്ന് ഭക്ഷണത്തിനും മരുന്നിനും വഴിയില്ലാതെ ദുരിതക്കയത്തില്‍ കഴിയുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സിനിമാ നിര്‍മ്മാതാവ് സജി നന്ദ്യാട്ട് നിര്‍മ്മാതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പിള്ളയുടെ കഥ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. തൃശൂര്‍ പീച്ചിയിലെ വീട്ടിലാണ് പി കെ ആര്‍ പിള്ള, 85-ാം വയസ്സില്‍ ഓര്‍മ്മ നശിച്ച്‌ ദുരിതജീവിതം തള്ളിനീക്കുന്നത്.

ഇന്ത്യയിലെ വമ്ബന്‍ നഗരങ്ങളിലെല്ലാം കച്ചവട സാമ്രാജ്യങ്ങള്‍ ഉണ്ടായിരുന്ന, അറിയപ്പെടുന്ന വ്യവസായി കൂടിയായ പിള്ളയുടെ ബിസിനസ് സാമ്രാജ്യം അടുപ്പക്കാരായ പലരും കൈയടക്കിയതോടെയാണ് പ്രതാപകാലം മങ്ങിയതെന്നാണ്  സൂചനകൾ. കൊച്ചിയിലടക്കം കൈവശമുണ്ടായിരുന്ന കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങള്‍ പലതും ഇപ്പോള്‍ മറ്റു പലരുടെയും കൈകളിലായെന്നും പറയപ്പെടുന്നു.

ഓര്‍മ്മ നശിച്ച അദ്ദേഹം, മൂന്ന് വര്‍ഷം മുന്‍പ് മരിച്ചുപോയ മകന്‍ വരുമെന്ന് കാത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയാണിപ്പോള്‍. മരുന്നിനോ ചികിത്സക്കോ നിര്‍വ്വാഹമില്ല. വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന മകളെ കെട്ടിച്ചയക്കാന്‍ പണവുമില്ലെന്നുള്ളതും  റിപ്പോർട്ടുകൾ റിപ്പോർട്ടുകൾ പറയുന്നു. ഒരു കാലത്ത് സൂപ്പര്‍ താരങ്ങള്‍ക്കും സംവിധായകര്‍ക്കും ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയിരുന്ന നിര്‍മ്മാതാവാണ് ഇന്ന് ഇത്തരമൊരവസ്ഥയെ നേരിടുന്നത് എന്നുള്ളത് ദുഃഖകരമാണ്.

പികെആര്‍ പിള്ളയുടെ ആദ്യചിത്രം 1984 ല്‍ നിര്‍മ്മിച്ച വെപ്രാളം ആയിരുന്നു. പിന്നീട് ഓണത്തുമ്ബിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ശോഭരാജ്, അമൃതംഗമയ, ഒരു യുഗസന്ധ്യ, ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അര്‍ഹത, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.