തകർക്കാൻ ശ്രമിച്ച പോർച്ചുഗീസുകാരെ അതിജീവിച്ചവരാണ് ഹിന്ദുക്കൾ: ശബരിമലയെ ഈജിപ്തിലെ ക്ഷേത്രങ്ങളെ പോലെയാക്കാൻ ശ്രമമെന്ന് കെപി ശശികല

single-img
7 February 2019

ഹിന്ദുധർമം ഇക്കാലമത്രയും നിലനിന്നത് പൂവിരിച്ച പാതയിലൂടെയല്ലെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. ക്ഷേത്രത്തെ തകർക്കാനായി കേരളത്തിന്റെ മുഖ്യമന്ത്രി കരുതിവെച്ചത് വൈദേശിക അക്രമികളുടെ ബുദ്ധിയാണെന്നും അവർ പറഞ്ഞു. അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെ ബുധനാഴ്ച രാത്രി യോഗത്തിൽ പ്രഭാഷണത്തിനിടയിലാണ് കെപി ശശികല ഇക്കാര്യങ്ങൾ പറഞ്ഞത്.

വടക്കുനിന്നുള്ള പടയോട്ടങ്ങളും ആക്രമങ്ങളും  അതിജീവിച്ച ചരിത്രമാണ് ഹിന്ദുവിനെന്നും അവർ വ്യക്തമാക്കി. ആയിരക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടെങ്കിലും ഹിന്ദു സംസ്‌കാരത്തെ തുടച്ചുനീക്കാനായില്ല. പോർച്ച്ഗീസുകാർ ഹിന്ദുസമൂഹത്തിനെതിരേ എടുത്ത നിലപാടുകൾ സമാനതകളില്ലാത്തതായിരുെന്നങ്കിലും അതിനെ അതിജീവിക്കാൻ  ഹിന്ദുക്കൾക്ക് സാധിച്ചുവെന്നും അവർ പറഞ്ഞു.

ഇപ്പോൾ ഹിന്ദുവിനെതിരേ നടക്കുന്ന പടയോട്ടം പഴയതിന്റെ ക്ലൈമാക്സാണ്. നമുക്ക് ആചാരം നഷ്ടപ്പെട്ടാൽ ശബരിമല അടക്കം എല്ലാ ക്ഷേത്രങ്ങളും ഈജിപ്റ്റിലെ ക്ഷേത്രങ്ങളുടെ അവസ്ഥയിലാകും. വെറും നാലുചുമരുകളും വിഗ്രഹമെന്ന കല്ലുമായി വിനോദ സഞ്ചാരികൾക്കായാണ് അവിടെ ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നത്. ഇതുതന്നെയാണ് ഇവിടത്തെ ഭരണാധികാരികളുടെ ലക്ഷ്യവും- ശശികല പറഞ്ഞു.

ആത്മീയമായും ഭൗതികമായും ഹിന്ദു സംസ്‌കാരം തിരിച്ചുപിടിക്കാൻ നമുക്ക് സാധിച്ചു. വിഗ്രഹങ്ങളും കെട്ടിടങ്ങളും തിരിച്ചുപിടിക്കാം. പക്ഷേ, നഷ്ടപ്പെടുന്ന ആചാരം തിരികെപ്പിടിക്കാൻ സാധിക്കില്ല.

വിശ്വാസം സംരക്ഷിക്കുമെന്ന് പ്രതിജ്ഞചെയ്ത് അധികാരത്തിലേറിയ ദേവസ്വം ബോർഡ് കോടതിയിൽ പറഞ്ഞത് അമ്പലം പൊതുസ്ഥലമാണെന്നാണ്. ഹിന്ദു ആചാരം അന്ധവിശ്വാസമാെണന്ന് പറയുന്ന നവോത്ഥാനക്കാർക്ക് ക്രിസ്ത്യൻ പള്ളിയിലും മുസ്‌ലിം പള്ളിയിലും അന്ധവിശ്വാസമുെണ്ടന്ന് പറയാൻ  നാവ് ഉയരില്ലെന്നും ശശികല വ്യക്തമാക്കി.