വയനാട്ടില്‍ വീട്ടിനുള്ളിലെ കട്ടിലിനടിയില്‍ കണ്ടെത്തിയ പുള്ളിപ്പുലിയെ നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിന് ശേഷം കൂട്ടിലാക്കി; വീഡിയോ

single-img
6 February 2019

പുലി ഭീതി ഒഴിയാതെ വയനാട്. ഏറ്റവും ഒടുവില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വീട്ടിനകത്താണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാട്ടവയല്‍ വീട്ടിപ്പടി വില്ലന്‍ വീട്ടില്‍ രാഹിന്റെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ വീട് പൂട്ടി പോയത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ‘്ര്രഗ്!ര്‍ര്‍…..’ വീട്ടുകാരെ കണ്ടതോടെ മുരള്‍ച്ചയോടെ അതിഥി സാന്നിധ്യമറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

ഉടന്‍ വാതില്‍ പുറത്തുനിന്നും പൂട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പൊലീസും സഹായത്തിനെത്തി. നാല് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം ഒടുവില്‍ പുലിയെ കൂട്ടിലാക്കി.

പുലിയെ തങ്ങള്‍ ഒരു തരത്തിലും ശല്യം ചെയ്തില്ലെന്നും ക്ഷമയോടെ വീക്ഷിച്ച ശേഷമാണ് കൂട്ടിലാക്കിയതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂട്ടിലാക്കിയ പുലിയെ ഗുഡല്ലൂര്‍ ഫോറസ്റ്റ് ഓഫീസിന് കൈമാറി. പുലിയുടെ ദേഹത്ത് ചെറിയ മുറിവുകളുണ്ട്. പുലിയെ തിരികെ കാട്ടിലേക്ക് വിടുന്ന കാര്യം ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നാല് വയസ് പ്രായം തോന്നിക്കുന്ന പുലിയാണ് വീട്ടിനുള്ളില്‍ കയറിയത്. വീട്ടിപ്പടി സ്വദേശി ജോസിന്റെ വീടിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പുലിയുടെ ദൃശ്യം പതിയുകയും നാട്ടുകാരില്‍ ചിലര്‍ പുലിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഇവിടെ നിരീക്ഷണവും നടത്തിയിരുന്നു.

വീഡിയോ കടപ്പാട്: മീഡിയവണ്‍