ദേശീയ പാര്‍ട്ടി പദവി വരെ നഷ്ടപ്പെടാന്‍ പോകുന്ന സിപിഎമ്മിന് വോട്ട് ചെയ്യരുത്; മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്ന് കെ സുധാകരൻ

single-img
3 February 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ടു ചെയ്യരുതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. സിപിഎമ്മിന് വോട്ടു ചെയ്യുന്നത് വേസ്റ്റാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാര്‍ട്ടി പദവി വരെ നഷ്ടപ്പെടാന്‍ പോകുന്ന സിപിഎമ്മിന് വോട്ടു ചെയ്യുന്നത് പാഴ് വേലയാണ്. പശ്ചിമബംഗാളിലും ത്രിപുരയിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ ജയിക്കാന്‍ പോകുന്നില്ല. ഇനി കേരളത്തില്‍ ജയിച്ചാല്‍ അവര്‍ മാത്രമാകും സിപിഎമ്മിന് ലോക്‌സഭയില്‍ ഉണ്ടാകുകയെന്നും  സുധാകരൻ ചൂണ്ടിക്കാട്ടി.

ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ ശക്തിയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് തെളിയിച്ചു. കേരളത്തില്‍പ്പോലും മല്‍സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും കെ സുധാകരന്‍ പറഞ്ഞു.

കേരളത്തിൽ സിപിഎം ജയിച്ചാൽ വിരലിലെണ്ണാവുന്ന അവര്‍ പാര്‍ലമെന്റില്‍ എന്തുചെയ്യാനാണ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുക മാത്രമേ അവര്‍ക്ക് മുന്നിലുള്ള ഏക മാര്‍ഗം. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ഇവരെ ജയിപ്പിക്കുന്നതിനേക്കാള്‍ നല്ലത്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുന്നതല്ലേ എന്ന് സുധാകരന്‍ ചോദിച്ചു.

കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും ഒരു സീറ്റ് പോലും കിട്ടാത്ത സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തിയില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സുധാകരൻ പറഞ്ഞു.