സുരേന്ദ്രന് തെരഞ്ഞടുപ്പിൽ സീറ്റില്ല?; തൃശ്ശൂരിൽ അൽഫോൻസ് കണ്ണന്താനത്തെ മത്സരിപ്പിക്കാൻ ബിജെപി നീക്കമെന്ന് സൂചന

single-img
31 January 2019

തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ മല്‍സരിപ്പിക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ക്രൈസ്തവ വോട്ടുകള്‍ ഏറെയുള്ള മണ്ഡലത്തില്‍ കണ്ണന്താനം അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണെന്നും പാര്‍ട്ടി വിലയിരുത്തലുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സൂചന.

നിലവിൽ ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലമായാണ് തൃശ്ശൂരിനെ വിലയിരുത്തുന്നത്. എൻഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പിള്ളിയുടെ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും താമര ചിഹ്നത്തില്‍ മത്സരിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നാണ്  ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള എ എന്‍ രാധാകൃഷ്ണന്‍ തൃശൂരില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ജില്ലാചുമതല വഹിക്കുന്നവര്‍ അവിടെ മത്സരിക്കേണ്ടതില്ലെന്ന നിര്‍ദേശം തിരിച്ചടിയായിരിക്കുകയാണ്  എന്നാണ് സൂചനകൾ. ഈ നിര്‍ദേശത്തില്‍ രാധാകൃഷ്ണന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

തൃശൂരില്‍ അല്ലെങ്കില്‍ എവിടെയും മല്‍സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ശബരിമല പ്രശ്‌നത്തില്‍ തെക്കന്‍ ജില്ലകള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ രംഗത്തിറങ്ങിയത് തൃശ്ശൂരിലാണ്.

തൃശൂരില്‍ കെ സുരേന്ദ്രനെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുരളീധര പക്ഷവും, തൃശൂര്‍ ജില്ലാ കമ്മിറ്റിയും രംഗത്തു വന്നിരുന്നു. എന്നാല്‍ പി കെ കൃഷ്ണദാസ് പക്ഷം ഇതിനെ എതിര്‍ക്കുകയാണ്. അതിനെതുടർന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് സുരേന്ദ്രനെ മത്സരിപ്പിച്ച് പ്രശ്‌നം തീര്‍ക്കാനും ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്. എ എന്‍ രാധാകൃഷ്ണന് തെക്കന്‍ ജില്ലകളില്‍ സീറ്റ് നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ബിജെപി നേതൃത്വം  ആലോചിക്കുന്നത്.