കോട്ടയത്ത് നിന്ന് കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്‌ന മരിയ ജെയിംസ് ജീവനോടെയുണ്ടെന്ന് കർണാടക പോലീസ്

single-img
28 January 2019

മാസങ്ങൾക്ക് മുമ്പ് കോട്ടയം മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്‌ന മരിയ ജെയിംസ് ഇപ്പോഴും ജീവനോടെയുണ്ടെന്ന് കർണാടക പൊലീസ്. കാണാതെയായി പത്തു മാസം കഴിഞ്ഞപ്പോഴാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായകസന്ദേശം കര്‍ണാടക പോലീസില്‍നിന്നു കേരളത്തിന്റെ ക്രൈംബ്രാഞ്ച്‌ പ്രത്യേകാന്വേഷണസംഘത്തിനു ലഭിച്ചത് എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്ഷം മാർച്ച് 22ന് രാവിലെ 10.40നാണ് പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്തുവീട്ടിൽ ജയിംസ് ജോസഫിന്റെ മകൾ ജസ്‌നയെ കാണാതാകുന്നത്. അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ജംഗ്ഷനിലിറങ്ങി എരുമേലിക്കുള്ള ബസിൽ കയറുന്നത് കണ്ടവരുണ്ട്. എന്നാൽ പിന്നീട് ജസ്‌നയെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് അന്ന് രാത്രി ഏഴുമണിയോടെ പിതാവ് പൊലീസിൽ പരാതി നല്കി.

കേസ് അന്വേഷണം ഒരിടത്തും എത്താതിരുന്നത് വാൻ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതേ തുടർന്ന് എന്തെങ്കിലും സൂചന നല്കുന്നവർക്ക് അഞ്ചുലക്ഷം രൂപ ഇനാം ഡി.ജി.പി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ജില്ലകളിലായി പന്ത്രണ്ട് ഇൻഫർമേഷൻ ബോക്‌സുകൾ സ്ഥാപിച്ച് വിവരങ്ങൾ ശേഖരിക്കാനും പൊലീസ് ശ്രമിച്ചു. ബോക്സിൽ നൂറിലധികം കത്തുകൾ വന്നെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.