സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധര പക്ഷം; വിജയമായിരുന്നുവെന്ന് ശ്രീധരൻപിള്ള: കോർ കമ്മിറ്റി യോഗത്തിൽ തർക്കം

single-img
24 January 2019

ശബരിമല വിഷയത്തിൽ ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ അനിശ്ചിതകാല നിരാഹാര  സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരപക്ഷം. സമരം വന്‍ വിജയമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിളളയുടെ നേതൃത്വത്തിലുളള വിഭാഗം അവകാശപ്പെട്ടപ്പോഴാണ് എതിർപ്പുമായി മുരളീധരപക്ഷം രംഗത്തെത്തിയത്. ബിജെപിയുടെ കോര്‍കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് ഗ്രൂപ്പ് തിരിഞ്ഞ് തര്‍ക്കം ഉടലെടുക്കുകയായിരുന്നു.

യോഗത്തിൽ സമരവുമായി ഒരു വിഭാഗം നേതാക്കള്‍ നിസഹകരിച്ചെന്നും ഔദ്യോഗിക പക്ഷം ആരോപണം ഉയര്‍ത്തി. എന്നാൽ ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപിയെ അപഹാസ്യരാക്കുകയാണ് ഔദ്യോഗികപക്ഷം ചെയ്തതെന്നാണ് മുരളീധരപക്ഷത്തിൻ്റെ വാദം.

ശബരിമല കേന്ദ്രീകരിച്ച് നടത്തിയിരുന്ന സമരം വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെയാണ് സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റിയതെന്ന വിമര്‍ശനം മുരളീധര പക്ഷത്തിനുണ്ടായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരം അവസാനിപ്പിക്കുമ്പോള്‍ രാജ്യസഭാ എംപിയായ വി മുരളീധരനും കെ സുരേന്ദ്രനും സമരവേദിയില്‍ എത്തിയിരുന്നില്ല. ജയിലിലായിരുന്ന സുരേന്ദ്രന്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ മാത്രമാണ് ഇരുവരും സമരപന്തലിലെത്തിയത്.

അവസാന ദിവസം നിരാഹാര സമരം ഏറ്റെടുത്തവരില്‍ സികെ പദ്മനാഭനും സമാപനത്തിന് വേദിയിലെത്തിയിരുന്നില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷണന്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സികെ പത്മനാഭന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍ ശിവരാജന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പിഎം വേലായുധന്‍, മഹിളാ മോര്‍ച്ചാ നേതാവ് വി ടി രമ, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് എന്നീ ഏഴുപേരാണ് നിരാഹാര സമരത്തില്‍ പങ്കെടുത്തത്.