കെ സുധാകരൻ്റെ വീട്ടിലും ഭാര്യയും മക്കളും അമ്മയും പെങ്ങളുമൊക്കെയില്ലേയെന്ന് സി കെ ജാനു

single-img
23 January 2019

മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീകളെക്കാൾ മോശമാണെന്ന് പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ ജാനു.  എല്ലാവര്‍ക്കും വായിത്തോന്നുന്ന പറയാവുന്ന വിഭാഗമാണോ സ്ത്രീകളെന്നും സുധാകരൻ്റെ വീട്ടിൽ ഭാര്യയും മക്കളും അമ്മയും പെങ്ങളുമൊക്കെയില്ലേ എന്നും സികെ ജാനു ചോദിച്ചു.

അങ്ങനെയൊരു പരാമര്‍ശം നടത്തുന്നതെന്ത് മോശമാണ്. അത്തരമൊരു പരാമര്‍ശം വളരെ ബാലിശമായിപ്പോയി. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ വക്താവ് എന്ന നിലയിലാണ് ഈ പ്രസ്താവനയെന്നു കരുതുന്നില്ല. തോന്നുന്നവര്‍ തോന്നിയതു വിളിച്ചു പറയുകയാണ്. ‘ സി.കെ ജാനു പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്ണുങ്ങളേക്കാള്‍ മോശമാണെന്ന് പറയുമ്പോള്‍ പെണ്ണുങ്ങളെന്തോ മോശമാണെന്നാണോ കെ. സുധാകരന്‍ പറയുന്നതെന്നും സികെ ജാനു ചോദിച്ചു. ‘പെണ്ണുങ്ങള്‍ മോശമായിരുന്നു, അതിലും മോശമായിട്ടുള്ള ആളാണ് മുഖ്യമന്ത്രി എന്നുള്ള നിലയിലാണ് അയാള്‍ പറയുന്നത്. ശരിക്കും സ്ത്രീകളെ വളരെ മോശമായിട്ടുള്ള ആളുകള്‍ എന്നുള്ള നിലയിലാണ് കെ. സുധാകരന്‍ കാണുന്നത്´-  സി കെ ജാനു പറഞ്ഞു.

കാസര്‍കോട് പ്രസംഗിക്കവേയാണ് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചത്.