ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് ഹൈക്കോടതി പരോൾ അനുവദിച്ചു

single-img
22 January 2019

2015 ൽ തൃശൂർ ശോഭാ സിറ്റിയിൽ സുരക്ഷാജീവനക്കാരൻ ചന്ദ്രബോസിനെ കാർ അടിച്ചു കൊന്ന കേസിലെ പ്രതി നിസാമിന് ഹൈക്കോടതി ഭാഗീകമായ പരോൾ അനുവദിച്ചു. ചികിത്സയിൽ കഴിയുന്ന 70 വയസ്സുകാരിയായ മാതാവിനെ ശുശ്രൂഷിക്കാൻ വേണ്ടിയാണ് നിസ്സാമിന് പരോൾ അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് മൂന്നു ദിവസത്തെ ഭാഗീക പരോളിന്‌ ഹൈക്കോടതി അനുമതി നൽകിയത്.

മൂന്നു ദിവസം രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ മാതാവിനോടൊപ്പം കഴിയാനാണ് ഭാഗികമായ പരോൾ. ഒരു എ എസ് ഐ ഉൾപ്പടെ നാല് പോലീസുകാരുടെ നിരീക്ഷണത്തിലായിരിക്കും നിസ്സാമിന്റെ മാതാവിന്റെ അടുത്ത് എത്തിക്കുക. മാതാവിനോടുള്ള സമയത്ത് മറ്റുള്ളവരെ കാണാനോ സംസാരിക്കാനോ പാടില്ലെന്ന കർശന ഉപാധിയോടെയാണ് പരോൾ. ഞായറാഴ്ച പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും കൊണ്ടുവരുന്ന നിസാമിനെ എറണാകുളം സബ് ജയിലിൽ മാറ്റിപാർപ്പിച്ചു ശേഷമാകും കടവന്ത്ര ഫ്ലാറ്റിൽ എത്തിക്കുക.

ചികിത്സയിൽ കഴിയുന്ന 70 വയസ്സുകാരിയായ മാതാവിനെ ശുശ്രൂഷിക്കാൻ വേണ്ടി ഒരാഴ്ചയാണ് നിസാമിന് പരോൾ അഭ്യർഥിച്ചിരുന്നത്. നിസാമിന് വേണ്ടി ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. 9 ക്രിമിനൽ കേസിൽ പ്രതിയായ നിസാമിനെ സാധാരണ പരോൾ അനുവദിക്കുന്നതിനെതിരെ സർക്കാർ ശക്തമായി എതിർത്തിരുന്നു.