കരിമണല്‍ ഖനനം നിര്‍ത്താമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ നടക്കില്ല; ആലപ്പാട് സമരസമിതിക്കെതിരെ വീണ്ടും ഇപി ജയരാജന്‍

single-img
14 January 2019

ആലപ്പാട് സമരസമിതിക്കെതിരെ വീണ്ടും വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ രംഗത്ത്. ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്താമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അതു നടക്കില്ലെന്നും, ഖനനം നിര്‍ത്തുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

കരിമണല്‍ വിലപിടിപ്പുള്ള പ്രകൃതി വിഭവമാണ്. അത് ഉപയോഗിക്കാതിരുന്നാല്‍ ലോകം നമ്മെ പരിഹസിക്കും. രാജാവിന്റെ കാലത്തു തുടങ്ങിയ ഖനനമാണ് അവിടത്തേത്. ഇപ്പോള്‍ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളാണ് ഖനനം നടത്തുന്നത്. ഈ കമ്പനികള്‍ പൂട്ടണമെന്നാണോ സമരക്കാര്‍ പറയുന്നതെന്ന് ജയരാജന്‍ ചോദിച്ചു.

സമരം നടത്തുന്നവരില്‍ ആലപ്പാട്ടുകാര്‍ ഇല്ലെന്ന നിലപാട് ജയരാജന്‍ വീണ്ടും ആവര്‍ത്തിച്ചു. മലപ്പുറത്തുകാരാണ് സമരം നടത്തുന്നതെന്നു പറഞ്ഞത് ഒരു പ്രയോഗം മാത്രമാണ്. അന്നു ചര്‍ച്ചയില്‍ പങ്കെടുത്തത് മലപ്പുറംകാരനാണ്. കടല്‍ ഇല്ലാത്ത മലപ്പുറത്തുനിന്നു നിന്നു വന്നാണ് ആലപ്പാട്ടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി.