വിട്ടയച്ചവരിൽ ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസിലെ പ്രതികളും; പ്രതികളെ വിട്ടയച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്

single-img
12 January 2019

2011ല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്തു ശിക്ഷാ കാലാവധി പൂർത്തിയാക്കാത്ത പ്രതികളെ വിട്ടയച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്‌ണനെ വധിച്ച കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകൻ അച്ചാരുപറമ്പത്ത് പ്രദീപൻ അടക്കം പത്തുവര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ 209 തടവുകാരെയാണ് വി.എസ്.സര്‍ക്കാരിന്റെ അവസാനകാലത്ത് ശിക്ഷ ഇളവു നൽകി വിട്ടയച്ചത്.

വിട്ടയച്ചവരെ 8 വർഷത്തിനു ശേഷം കണ്ടെത്തുക പ്രയാസമാണെന്നാണ് സർക്കാർ വാദം. പലരും വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുന്നുണ്ടെന്നും വീണ്ടും ജയിലിലടയ്ക്കുന്നത് വലിയ സാമൂഹ്യപ്രശ്നമാകുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഭരണഘടനയുടെ 161 അനുച്ഛേദ പ്രകാരം സർക്കാർ ശുപാർശയോടെ തടവുകാരെ വിട്ടയക്കാന്‍ സാധിക്കും. ഈ അവകാശനത്തിന്‍ മേലുള്ള കടന്നു കയറ്റമാണ് ഹൈക്കോടതി വിധിയെന്നും സര്‍ക്കാര്‍ വാദിക്കുന്നു. അപ്പീൽ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്.

ശിക്ഷായിളവ് ചോദ്യം ചെയ്ത്, കൊലക്കേസില്‍ ഇരുപത് വര്‍ഷത്തിലേറെ ജയിലില്‍ കഴിയേണ്ടിവന്ന മെല്‍വിന്‍ പാദുവയുടെ ഭാര്യയാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ കൊലക്കത്തിക്ക് ഇരയായവരുടെ ബന്ധുക്കളും കേസില്‍ കക്ഷിചേര്‍ന്നു. ചീമേനി തുറന്ന ജയിൽ നിന്ന് 24 പേരെയും, തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് 28 പേരെയും, നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് 111 പേരെയും, വിയ്യൂർ ജയിലിൽനിന്ന് ഏഴ് പേരെയുമാണ് വിട്ടയച്ചത്.