ദേശീയ പണിമുടക്ക് ആരംഭിച്ചു; ട്രെയിൻ ഗതാഗതം താറുമാറായി

single-img
8 January 2019

കേന്ദ്ര സർക്കാർ നയങ്ങളിൽ  പ്രതിഷേധിച്ചു വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് സംസ്ഥാനത്ത് തുടരുന്നു. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്

പണിമുടക്കിനെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിക്കേണ്ടുന്ന വേണാട് എക്‌സ്പ്രസ് തമ്പാന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സമരാനുകൂലികള്‍ തടഞ്ഞു. ഇതോടെ പൊതുഗതാഗതം തടസ്സപ്പെട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് 48 മണിക്കൂര്‍ നീളും..

മിനിമം വേതനം 18,000 രൂപയാക്കുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിലാളികള്‍ക്ക് മിനിമം പെന്‍ഷന്‍ 3000 രൂപ വീതം പ്രതിമാസം ആക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് നടത്തുന്നത്.

വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഓട്ടോ, ബസ് , ടാക്‌സി സര്‍വ്വീസുകള്‍ നിരത്തിലിറങ്ങില്ല. റെയില്‍വേ, എന്നാല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് വ്യാപാരി വ്യവസായി സംഘടനകളുടെ നിലപാട്. കടകള്‍ നിര്‍ബന്ധിതമായി അടപ്പിക്കുകയോ, വാഹനങ്ങള്‍ തടയുകയോ ചെയ്യുകയില്ലെന്ന് ട്രേഡ് യൂണിയനുകളുടെ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.

പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാർ മുന്നോട്ടുവച്ച നിലപാട്.  എന്നാല്‍ പണിമുടക്കിയാല്‍ 12 കോടിരൂപയെങ്കിലും കുറഞ്ഞത് ഒരു ദിവസം നഷ്ടമാകുമെന്നും ജീവനക്കാര്‍ ജോലിക്കെത്തണമെന്നും എംഡി ആവശ്യപ്പെട്ടിരുന്നു. തീര്‍ത്ഥാടകര്‍, പാല്‍, പത്രം, ആശുപത്രി മുതലായവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.