സംഘര്‍ഷത്തിനു അയവില്ല; അക്രമികള്‍ അഴിഞ്ഞാടുന്നു; നെടുമങ്ങാട് വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം: മഞ്ചേശ്വരത്ത് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

single-img
4 January 2019

ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ കേരളത്തിലുടനീളം പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ തുടരുന്നു. തിരുവനന്തപുരത്ത് കാട്ടാക്കടയിലും നെടുമങ്ങാടും വലിയമലയിലും വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം. നെടുമങ്ങാടും വലിയമലയിലും ആക്രമിക്കപ്പെട്ടത് സി.പി.എമ്മുകാരുടെ വീടുകളാണ്.

കാട്ടാക്കടയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെയായിരുന്നു ആക്രമണം. പന്തയില്‍ ഷിബുവിന്റെ വീട്ടിലെ ജനലും കാറും എറിഞ്ഞ് തകര്‍ത്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റൂറല്‍ എസ്.പി നെടുമങ്ങാട് ക്യാംപ് ചെയ്യുന്നുണ്ട്. പത്തനംതിട്ട അടൂരില്‍ അന്‍പതോളം വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.

സിപിഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ് തകര്‍ത്തത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി ബൈജുവിന്റെ വീടിനുനേരെയും ആക്രമണമുണ്ടായി. മുപ്പതോളംപേര്‍ ബൈക്കുകളിലെത്തിയാണ് വീട് ആക്രമിച്ചത്. ചില കടകളും അഗ്‌നിക്കിരയാക്കി.

കോഴിക്കോട് പേരാമ്പ്രയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. ശശികുമാറിന്റെ വീടിനുനേരെ ബോംബേറ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞത്. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കാസര്‍കോട് വെള്ളിക്കോത്ത് മലയാള മനോരമ പ്രാദേശിക ലേഖകന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. നീലേശ്വരം പ്രാദേശിക ലേഖകന്‍ ശ്യാംബാബു വെള്ളിക്കോത്തിന്റെ വീടിനുനേരെയാണ് ആക്രമണം.

മഞ്ചേശ്വരത്തു മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മംഗളൂരുവില്‍ എസി ടെക്‌നീഷ്യനായ കടമ്പാറിലെ ഗുരുപ്രസാദ് (23), സുഹൃത്തും കൂലിപ്പണിക്കാരനുമായ കിരണ്‍ കുമാര്‍ (27), കുമ്പള ഷിറിയയിലെ വസന്തന്‍ (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാത്രി പതിനൊന്നോടെയാണ് സംഭവം.

കടമ്പാര്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിനു സമീപത്താണ് ഗുരുപ്രസാദിനും കിരണിനും വെട്ടേറ്റത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. ഇരുവരെയും മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരു പ്രസാദിന് വയറിന് പിറകുവശത്തും കൈക്കുമാണ് പരിക്ക്. കിരണിന്റെ. കൈക്കും കാലിനുമാണ് വെട്ടേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുമ്പള ഷിറിയ സ്‌കൂളിന് സമീപത്താണ് വസന്തന് കുത്തേറ്റത്. ഷിറിയ സ്‌കൂളിന് സമീപം താമസിക്കുന്ന ദിവാകരന്റെ മകന്‍ ചരണ്‍ രാജിനെ ഒരു സംഘം മര്‍ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് വസന്തന് കുത്തേറ്റത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.