‘ക്രമസമാധാനം തകര്‍ക്കണം, കൊല്ലണം, പൊലീസ് തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം ഭീകരമാക്കണം’; ശബരിമല വിഷയത്തില്‍ സോഷ്യല്‍ മീഡിയ വഴി സംഘപരിവാറിന്റെ കലാപാഹ്വാനം

single-img
19 November 2018

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് ഞായറാഴ്ച രാത്രി നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം തിങ്കളാഴ്ച പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത 15 പേര്‍ ആട്ട ചിത്തിര വിശേഷ പൂജയ്ക്ക് ശബരിമലയില്‍ പ്രതിഷേധം സംഘടിപ്പിച്ചവരാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവരെ മണിയാര്‍ ക്യാമ്പില്‍ പ്രത്യേകം ചോദ്യം ചെയ്തു വരികയാണ്. സന്നിധാനത്തെ സംഭവം ആസൂത്രിത നീക്കമാണെന്നും പോലീസ് അറിയിച്ചു. 72 പേരെയാണ് രാത്രി പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എണറാകുളം സ്വദേശി രാകേഷിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ ആര്‍എസ്എസ് നേതാവാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, സോഷ്യല്‍ മീഡിയ വഴി സംഘപരിവാര്‍ കലാപാഹ്വാനം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ശബരിമല കര്‍മ്മസേന എന്ന ഗ്രൂപ്പ് വഴിയാണ് ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് മീഡിയവണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കലാപം അഴിച്ചു വിടുന്നതിനൊപ്പം സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ അടക്കം കത്തിക്കുവാനും ഗ്രൂപ്പില്‍ ആഹ്വാനമുണ്ട്. കലാപത്തിനും കൊലപാതകത്തിനും ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളാണ് ഈ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. കൂടുതല്‍ പേരെ അണിനിരത്തി പൊലീസ് സ്റ്റേഷന്‍ ആക്രമിക്കണമെന്ന് ക്ലിപ്പുകളും ഗ്രൂപ്പിലുണ്ട്. പൊലീസ് തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം ഭീകരമാക്കണമെന്നും ഇതില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. എസ് ശ്രീജിത്ത് എന്നയാളാണ് ഈ ഗ്രൂപ്പിന്റെ അഡ്മിന്‍.