വിമര്‍ശകര്‍ക്കു ചുട്ട മറുപടിയുമായി മോഹന്‍ലാല്‍

ചലച്ചിത്ര അവാര്‍ഡ് സമർപ്പണ വിവാദത്തില്‍ വിമര്‍ശകര്‍ക്കു ചുട്ട മറുപടിയുമായി മോഹന്‍ലാല്‍. തന്റെ സഹപ്രവർത്തകർക്ക് അവാർഡ് ലഭിക്കുന്ന ചടങ്ങിൽ എത്താനും അതിന് സാക്ഷ്യം വഹിക്കാനും തനിക്ക് അവകാശമുണ്ട്. നിങ്ങളുടെ ഇടയിലേക്ക് കടന്നുവരാൻ തനിക്ക് ആരുടെയും അനുവാദം വേണമെന്നില്ല.
യാദൃശ്ചികമായി കാമറയ്ക്ക് മുന്നിലെത്തിയ ആളാണ് താൻ. അഭിനയ ജീവിതം എത്രകാലം മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അറിയില്ല. എന്നാൽ ആ യാത്രയ്ക്ക് തിരശീല വീഴുന്നത് വരെ താൻ ഇവിടെയൊക്കെ തന്നെ കാണുമെന്നും താരം പറഞ്ഞുനിറുത്തുമ്പോൾ സദസിൽ നിന്നും കരഘോഷം മുഴങ്ങി.
ലാലിന്റെ വാക്കുകൾ:
‘ഏറ്റവും പ്രിയപ്പെട്ട എന്റെ മണ്ണിലാണ് ഈ പരിപാടി നടക്കുന്നത്. രാജാവും പ്രജകളും ഒരുപോലെ സ്നേഹം പങ്കിട്ട് വളർന്ന എന്റെ നഗരം. ഞാൻ പഠിച്ചത്, വളർന്നത്, എന്റെ അച്ഛൻ ജോലി ചെയ്തത്, എന്റെ അമ്മ ക്ഷേത്രത്തിൽ പോയിരുന്നത്.. എല്ലാം ഈ വീഥികളിലൂടെയാണ്. ഇൗ തിരുവനന്തപുരത്തു നിന്നാണ് എന്റെ 40 വർഷം നീണ്ട യാത്രയുടെ തുടക്കവും. അത് എന്നുവരെ എന്നറിയില്ല. ഇന്ദ്രൻസിനോളം എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ലല്ലോ, എത്തിയില്ലല്ലോ എന്ന ആത്മവിമർശനമാണ് തോന്നിയിട്ടുള്ളത്.
‘നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്ക് ആരുടെയും അനുവാദം വേണ്ട. കാരണം നിങ്ങളെയോ സിനിമയെയോ വിട്ടു ഞാനെങ്ങും പോയിട്ടില്ല. നാൽപതു വർഷമായി ഇവിടെ തന്നെയുണ്ട്. സിനിമയിൽ എനിക്ക് കുറിച്ചുവച്ചിട്ടുള്ള സമയം തീരുന്നിടത്തോളം ഞാൻ ഇവിടെ തന്നെയുണ്ട്. വിളിക്കാതെ വന്നു കയറിയാൽ എനിക്ക് ഇരിക്കാൻ ഒരിപ്പിടം നിങ്ങളുടെ മനസിലും എല്ലായിടത്തും ഉണ്ടാകും എന്ന വിശ്വസത്തോടെ നിർത്തട്ടെ, നന്ദി’– മോഹന്‍ലാല്‍ പറഞ്ഞു.