കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി സീറ്റുമോഹികളുടെ പ്രതിഷേധം: രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസ് അടിച്ചുതകര്‍ത്തു

single-img
16 April 2018

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ കര്‍ണാടകത്തില്‍ പലയിടത്തും പ്രതിഷേധവും അക്രമവും. സീറ്റ് ലഭിക്കാത്ത സ്ഥാനാര്‍ഥികളുടെ അനുയായികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി അക്രമം അഴിച്ചുവിടുന്നത്.

പലയിടത്തും പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഓഫീസുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കുശേഷം, കര്‍ണാടകയില്‍ ഭരണത്തുടര്‍ച്ച സാധ്യമാക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്കു മേലാണ് സീറ്റ് മോഹികളുടെ പ്രതിഷേധം കരിനിഴല്‍ വീഴ്ത്തുന്നത്.

ഇത്തവണ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന സൂചനയാണ് അഭിപ്രായ സര്‍വേകളെല്ലാം നല്‍കുന്നത്. സാഹചര്യങ്ങളെല്ലാം അനുകൂലമായി നില്‍ക്കുമ്പോഴാണ്, സീറ്റു നിഷേധിക്കപ്പെട്ടവരുടെ വ്യാപക പ്രതിഷേധം. മാണ്ഡ്യയില്‍ കോണ്‍ഗ്രസ് നേതാവ് രവികുമാറിന് സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രവര്‍ത്തകര്‍ മാണ്ഡ്യ ജില്ലയില്‍ പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ത്തു. ചിക്കമംഗലൂര്‍, ബെംഗലൂരു, ബെല്ലാരി എന്നിവടങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഓഫീസുകളിലെ കസേരകള്‍ തകര്‍ക്കുകയും വാതിലുകള്‍ തല്ലിപ്പൊളിക്കുകയും ചെയ്തിട്ടുണ്ട്. സിറ്റിങ് എംഎല്‍എ അംബരീഷിനാണ് മാണ്ഡ്യയില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുള്ളത്.

കോണ്‍ഗ്രസ് നേതാവ് അഞ്ജന മൂര്‍ത്തിക്ക് സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ നെല്‍മംഗളയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഹൈവേയില്‍ ടയറുകള്‍ കത്തിച്ചു. ഇവിടെ ആര്‍. നാരായണസ്വാമിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

സീറ്റു നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാവ് പി.രമേഷ്, താന്‍ ജെഡിഎസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2013ലെ തിരഞ്ഞെടുപ്പില്‍ സിവി രാമന്‍ നഗറില്‍നിന്ന് മല്‍സരിച്ച രമേഷ്, പരാജയപ്പെട്ടിരുന്നു. ഇപ്പോഴത്തേത് ഇന്ദിരാ ഗാന്ധിയുടെ കോണ്‍ഗ്രസല്ലെന്നും സിദ്ധരാമയ്യയുടെ തുഗ്ലക് കോണ്‍ഗ്രസാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഞായറാഴ്ച വൈകിട്ടാണ് 218 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടത്. 225 അംഗ നിയമസഭയില്‍ ഏഴു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍നിന്നാണ് ഇക്കുറി ജനവിധി തേടുന്നത്. അദ്ദേഹം മല്‍സരിച്ചിരുന്ന വരുണ മണ്ഡലത്തില്‍ മകന്‍ യതീന്ദ്രയാണ് ഇത്തവണ സ്ഥാനാര്‍ഥി.