നിലപാടില്‍ അയവുവരുത്തി പ്രകാശ് കാരാട്ട്: ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്നിടത്തെല്ലാം സിപിഎം കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം

single-img
24 March 2018

കോണ്‍ഗ്രസിനോടുള്ള നിലപാടില്‍ അയവുവരുത്തി പ്രകാശ് കാരാട്ട്. ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന സ്ഥലങ്ങളിലെല്ലാം സിപിഎം കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി. പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ ‘Utharpradesh portents’ എന്ന ലേഖനത്തിലാണ് ഇത്തരത്തിലൊരു പരാമര്‍ശം പ്രകാശ് കാരാട്ട് നടത്തിയിരിക്കുന്നത്.

യു.പി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഭാവിയില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതില്‍ പാര്‍ട്ടിക്ക് വലിയ പാഠങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിച്ചാല്‍ ബിജെപിയെ പരാജയപ്പെടുത്താം.

ഇതിലൂടെ മറ്റ് ചെറുകക്ഷികള്‍ക്കും പ്രതിപക്ഷ സഖ്യത്തെ പിന്തുണച്ച് മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനോട് സഖ്യം ചേരുന്നതില്‍ നേരത്തെ പ്രകാശ് കാരാട്ട് കടുത്ത എതിര്‍പ്പ് പറഞ്ഞിരുന്നു. പോളിറ്റ് ബ്യൂറോ യോഗങ്ങളിലും കേന്ദ്ര കമ്മറ്റിയിലും ഈ എതിര്‍പ്പ് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2018ല്‍ ആദ്യം പുറത്തിറക്കിയ കരടുരേഖയിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യെച്ചൂരി വിഭാഗം കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന നിലപാടിലായിരുന്നു. മതേതര വോട്ടുകളെ ഭിന്നിപ്പിച്ച് എടുക്കാന്‍ കഴിയുന്നതാണ് ബിജെപി ഗുണം ചെയ്യുന്നതെന്ന തിരിച്ചറിവില്‍ നിന്നാണ് നിലപാടില്‍ അയവുവരുത്താന്‍ പ്രകാശ് കാരാട്ട് തീരുമാനിച്ചിരിക്കുന്നത്.

പ്രാദേശിക കക്ഷികളുടെ മുന്‍കൈയില്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന മൂന്നാം മുന്നണി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യത കുറവാണെന്നും കാരാട്ട് ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ പ്രാദേശിക പാര്‍ട്ടികളായ ഡിഎംകെയ്ക്കും ബിഹാറിലെ ആര്‍ജെഡിക്കും കോണ്‍ഗ്രസുമായി സഖ്യമുണ്ടെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതിനാല്‍ മഹാസഖ്യ രൂപീകരണം സാധ്യമല്ലെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.