ഫെയ്‌സ്ബുക്കിലെ വ്യക്തിഗത വിവരങ്ങള്‍ മറ്റൊരാള്‍ ചോര്‍ത്താതിരിക്കാന്‍ ചെയ്യേണ്ടത് എന്തെല്ലാം ?

single-img
21 March 2018

ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്ക് സുരക്ഷിതമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു തുടങ്ങിയത്.

ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടന്‍ രംഗത്തെത്തുകയും ചെയ്തതോടെ ചര്‍ച്ചകള്‍ കൊഴുത്തു. ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷിതമാണെന്ന ഉറപ്പോടു കൂടി ഫേസ്ബുക്കില്‍ അടുത്തകാലത്തായി വ്യാപകമായി കാണപ്പെടുന്ന തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷനാണ് ഇവിടെ വില്ലനായത് എന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ ഐക്യു പരിശോധിക്കാം, മരണം ഏതു രീതിയിലായിരിക്കുമെന്നറിയണോ തുടങ്ങി ചോദ്യങ്ങളുടെ പല രൂപത്തിലാണ് ഇവ കാണാറുള്ളത്. ക്ലിക് ചെയ്താല്‍ ലഭിക്കുന്ന ഉത്തരങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതിനാല്‍ ഇത് മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്യുകയാണ് പതിവ്.

എന്നാല്‍ ഇത്തരത്തിലുള്ള തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷന്‍ അത്ര സുരക്ഷിതമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കെണിയില്‍ വീഴാതിരിക്കാന്‍ ഫേസ്ബുക്കിലെ വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിനു ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യുക.

1) ഫേസ്ബുക്കിലെ സ്വന്തം പ്രൊഫൈലിലേക്ക് ലോഗ് ഇന്‍ ചെയ്യുക
2) സെറ്റിങ്‌സ് (Settings) ക്ലിക് ചെയ്ത് ആപ് സെറ്റിങ് പേജിലേക്ക് പ്രവേശിക്കുക
3) Apps, Websites and Plugins എന്നതിന് താഴെയുള്ള എഡിറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുക
4) Disable platform ക്ലിക് ചെയ്യുക.

ഇതോടെ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാനാകാതെയാകും. ഇതുകൂടാതെ മറ്റൊരു മാര്‍ഗംകൂടിയുണ്ട്.

1) ഫേസ്ബുക്കിലെ സ്വന്തം പ്രൊഫൈലിലേക്ക് ലോഗ് ഇന്‍ ചെയ്യുക
2) സെറ്റിങ്‌സ് (Settings) ക്ലിക് ചെയ്ത് ആപ് സെറ്റിങ് പേജിലേക്ക് പ്രവേശിക്കുക
3) ബയോ, ജന്മദിനം, കുടുംബം, മതപരമായ വിവരങ്ങള്‍ തുടങ്ങി തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷനുകളുമായി നിങ്ങള്‍ പങ്കുവയ്ക്കാനാഗ്രഹിക്കാത്ത കാറ്റഗറികള്‍ അണ്‍ക്ലിക് ചെയ്യുക.

ഗെയിമുകളും ക്വിസുകളും ഉപയോഗിക്കുമ്പോള്‍ സ്വന്തം ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യാതെ നേരിട്ട് ബന്ധപ്പെട്ട സൈറ്റിലേക്ക് പ്രവേശിക്കുകയാകും ഏറ്റവും സുരക്ഷിതമായ മാര്‍ഗമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.