തമിഴ്‌നാട്ടില്‍ വീണ്ടും പെരിയാര്‍ പ്രതിമ തകര്‍ത്തു; തെലങ്കാനയില്‍ സാവിത്രിഭായ് ഫൂലെയുടെ പ്രതിമക്ക് നേരെയും ആക്രമണം

single-img
20 March 2018

പുദുക്കോട്ടൈ: പ്രതിമ തകര്‍ക്കല്‍ വിവാദത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിനുമുന്നെ തമിഴ്‌നാട്ടില്‍ വീണ്ടും പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമയ്ക്ക് നേരേ ആക്രമണം. തമിഴ്‌നാട്ടിലെ പുദുക്കോട്ടൈ ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രതിമ തകര്‍ത്തതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ തെലങ്കാനയിലെ സിര്‍ക്കില്ല ജില്ലയില്‍ സാവിത്രിഭായ് ഫൂലെയുടെ പ്രതിമയും തകര്‍ത്തു. ജില്ലയിലെ സുദ്ദാല എന്ന സ്ഥലത്തുള്ള ഒരു സ്‌കൂള്‍ പരിസരത്തായിരുന്നു പ്രതിമ സ്ഥിതി ചെയ്തിരുന്നത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. പ്രതിമ നിലനിന്ന സ്ഥലത്ത് അതിര്‍ത്തി ഇല്ലാതിരുന്നതിനാലാണ് ആക്രമികള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

പ്രതിമ തകര്‍ത്തവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബി.എസ്.പി പ്രവര്‍ത്തകര്‍ മണ്ഡല്‍ റെവന്യൂ ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ‘പ്രതിമ തകര്‍ത്തത് ദളിതര്‍ക്കെതിരായ ആക്രമണമാണ്. ഇത് ഞങ്ങള്‍ സഹിക്കില്ല. പൊലീസ് ഉടന്‍ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണം’ ബി.എസ്.പി നേതാവായ ലിംഗമ്പള്ളി മധുകര്‍ പറഞ്ഞു.

മാര്‍ച്ച് അഞ്ചിന് ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ റഷ്യന്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. പിന്നാലെ ബിജെപി നേതാവായ എച്ച് രാജ പെരിയാര്‍ പ്രതിമ തകര്‍ക്കപ്പെടേണ്ടതാണെന്ന പരാമര്‍ശം നടത്തിയിരുന്നു.

രാജയുടെ പരാമര്‍ശത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമയ്ക്ക് നേരേ ആക്രമണം നടക്കുകയും ചെയ്തു. ഇതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പെയാണ് അടുത്ത ആക്രമണം നടന്നിരിക്കുന്നത്.