ഇറാന്‍ ന്യൂക്ലിയര്‍ ബോംബുണ്ടാക്കിയാല്‍ തങ്ങളും നിര്‍മിക്കുമെന്ന് സൗദി

single-img
16 March 2018

ബദ്ധവൈരിയായ ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ ആണവായുധ നിര്‍മാണത്തിനു മടിക്കില്ലെന്ന പ്രഖ്യാപനവുമായി സൗദി അറേബ്യ. ആണവായുധം വേണമെന്ന് സൗദിക്ക് ആഗ്രഹമില്ലെങ്കിലും ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ മടിച്ചുനില്‍ക്കാതെ ആണവായുധം നിര്‍മിക്കുമെന്നാണ് പ്രഖ്യാപനം.

സിബിഎസ്സിനു നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഞായറാഴ്ച സിബിഎസ് സംപ്രേഷണം ചെയ്യും. ആണവായുധങ്ങള്‍ നിര്‍മിക്കണമെന്ന് സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല.

എന്നാല്‍ ഇറാന്‍ അണുബോംബ് ഉണ്ടാക്കിയാല്‍ അധികം താമസിയാതെ തന്നെ തങ്ങളും അതേ മാര്‍ഗം പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനിയെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്യുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇറാന്റെ നടപടികള്‍ മേഖലയ്ക്കാകെ അപകടം വരുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ ആണവ മിസൈല്‍ പരീക്ഷണങ്ങളെ അടുത്തിടെ സൗദി, യു.എ.ഇ, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ശക്തമായ നിലപാടുമായി സൗദി രാജാവ് രംഗത്തെത്തിയത്.

അതേസമയം, സമാധാന ആവശ്യങ്ങള്‍ക്ക് വേണ്ടി ആണവോര്‍ജം ഉപയോഗിക്കുന്നതിനുള്ള ഗവേഷണത്തിന് കഴിഞ്ഞ ദിവസം സൗദി ഭരണകൂടം അംഗീകാരം നല്‍കി. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഒതുങ്ങി നിന്ന് മാത്രമേ തങ്ങളുടെ പരീക്ഷണങ്ങള്‍ സംഘടിപ്പിക്കുകയുള്ളൂ എന്നും സൗദി വ്യക്തമാക്കി.

പെട്രോളിയം ഉത്പന്നങ്ങളിലെ അമിത ആശ്രയത്വം നിറുത്താന്‍ വേണ്ടി രാജ്യത്ത് ഉടന്‍ തന്നെ രണ്ട് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കും. എന്നാല്‍ ഈ റിയാക്ടറുകളിലെ പ്രധാന ഘടകമായ യുറേനിയം ഉപയോഗിച്ച് മാരകമായ അണുബോംബ് നിര്‍മിക്കാനും കഴിയുമെന്നത് മേഖലയില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.