ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനിയിട്ട് നടക്കരുതെന്ന് കണ്ണന്താനം

single-img
16 March 2018

ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികള്‍ രാജ്യത്തെ സംസ്‌കാരത്തിന് യോജിക്കുന്ന വസ്ത്രധാരണം നടത്തണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിദേശ സഞ്ചാരികള്‍ ഇന്ത്യയില്‍ ബിക്കിനി ധരിച്ച് നടക്കരുതെന്നാണ് കണ്ണന്താനത്തിന്റെ പുതിയ പരാമര്‍ശം.

വിദേശ രാജ്യങ്ങളില്‍ ബിക്കിനി ധരിച്ച് പുറത്തിറങ്ങുന്നത് അവിടുത്തെ രീതിയാണ്. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഇവിടുത്തെ പാരമ്പര്യം മാനിക്കാന്‍ ബാധ്യതയുണ്ടെന്നും കണ്ണന്താനം പറഞ്ഞു. ഗോവയിലെ ബീച്ചുകളില്‍ വിദേശികള്‍ അങ്ങനെ നടക്കുന്നുണ്ട്.

എന്നാല്‍, മറ്റ് രാജ്യങ്ങളില്‍ പോകുമ്പോള്‍ അവിടുത്തെ വസ്ത്ര ധാരണ രീതി പിന്തുടരാന്‍ വിനോദ സഞ്ചാരികള്‍ ശ്രമിക്കണമെന്നും കണ്ണന്താനം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിദേശ വിനോദ സഞ്ചാരികള്‍ പ്രദേശിക സംസ്‌കാരത്തെ ഉള്‍ക്കൊള്ളാന്‍ തയാറാകണം.

എന്നാല്‍, ഇന്ത്യയില്‍ എത്തുന്ന എല്ലാവരും സാരി ധരിക്കണമെന്നല്ല താന്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശികള്‍ അവരുടെ രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന് അദ്ദേഹം കഴിഞ്ഞ വര്‍ഷം നിലപാടെടുത്തിരുന്നു. അത് വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.