അബുദാബി ഭരണകൂടത്തിന്റെ പരമോന്നത ബഹുമതി മലയാളിക്ക്

single-img
14 March 2018

അബുദാബി ഭരണകൂടത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് മലയാളിയായ ഡോക്ടര്‍ ജോര്‍ജ് മാത്യുവിന്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യനാണ് പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയായ ഡോക്ടര്‍ ജോര്‍ജ് മാത്യുവിന് ബഹുമതി സമ്മാനിച്ചത്.

അബുദാബിയിലെ ആരോഗ്യപരിചരണ മേഖലയില്‍ നടത്തിയ സേവനങ്ങള്‍ കണക്കിലെടുത്താണ് ഡോക്ടര്‍ ജോര്‍ജ് മാത്യുവിന് എമിറേറ്റിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിച്ചത്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യമലയാളിയാണ് ഇദ്ദേഹം.

യുഎഇ പരാധീനതകളുടെ നടുവില്‍ നില്‍ക്കുന്ന 1967 മേയ് 13 നാണ് ഡോ. ജോര്‍ജ് മാത്യു അബൂദാബിയിലെത്തുന്നത്. നല്ല റോഡുകളില്ല, ജലസേചന പദ്ധതികള്‍ പോലും കാര്യക്ഷമായിട്ടില്ല, വൈദ്യുതിയുമില്ല കഷ്ടത നിറഞ്ഞ രാജ്യം പുരോഗതിയുടെ പടവുകള്‍ കീഴടക്കുമ്പോള്‍ ഒരു ജനതയുടെ ആരോഗ്യത്തിനു കാവലാളായി ഡോ. ജോര്‍ജ് മാത്യു ഉണ്ടായിരുന്നു.

ഡോക്ടറുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസിലാക്കിയ രാജകുടുംബം അല്‍ഐനില്‍ ആരോഗ്യ ഡിപാര്‍ട്‌മെന്റിന്റെ ചുമതല നല്‍കി. അബുദാബിയുടെ ആരോഗ്യ രംഗത്തെ പുത്തന്‍ മുന്നേറ്റത്തിനു ഇതു കാരണമായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഐന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചികില്‍സാ സംവിധാനങ്ങളുള്ള നഗരമായി തലയുര്‍ത്തി നില്‍ക്കുന്നതിന് പിന്നില്‍ ഡോ. ജോര്‍ജ് മാത്യുവിന്റെ പങ്ക് നിസ്തുലമാണ്.

അല്‍ഐന്‍ ഡിസ്ട്രിക്ടിന്റെ മെഡിക്കല്‍ ഡയറക്ടര്‍ എന്ന നിലയില്‍ 34 വര്‍ഷം അദ്ദേഹം നല്‍കിയ സേവനത്തെ ഏറെ ആദരപൂര്‍വമാണ് യുഎഇ കാണുന്നത്. സേവന മികവ് പരിഗണിച്ച് മലയാളി ഡോക്ടറെ 2004ല്‍ പൗരത്വം നല്‍കി 2004ല്‍ ഷെയ്ഖ് സായിദ് ആദരിച്ചിരുന്നു.

അപൂര്‍വമായി മാത്രം വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന യുഎഇയില്‍ പ്രതിഭ കൊണ്ട് മാത്രം ഇടം നേടിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പഴയ എംബിബിഎസുകാരന്‍ ഇന്ന് അബുദാബി രാജകുടുംബത്തിന്റെ ഡോക്ടറാണ്. ഇംഗ്ലണ്ടില്‍ നിന്നും തുടര്‍പഠനം നടത്തിയ ഡോക്ടറുടെ ഭാര്യ തിരുവല്ല കാവുംഭാഗം കാഞ്ഞിരക്കാട്ട് വല്‍സയാണ്.